സ്വന്തം ലേഖകന്‍: ആറു സെക്കന്റുകള്‍ കൊണ്ട് ഭീകരരുടെ ശരീരത്തില്‍ തുളച്ചു കയറിയത് അമ്പതോളം ബുള്ളറ്റുകള്‍, ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടത്തിയ ഭീകരരുടേ അവസാന നിമിഷങ്ങളുടെ വിവരങ്ങള്‍ പുറത്ത്. നേരത്തെ ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടത്തിയ ഭീകരരെ വെടിവച്ച് കൊല്ലുന്നതിന്റെ വീഡിയോ പുറത്തായിരുന്നു. പ്രദേശത്തെ സി.സി.ടി.വി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടത്തിയ ഖുറാം ഭട്ട്, റച്ചിഡ് റെഡൗന്‍, യൂസഫ് സഗ്ഭ എന്നിവരുടെ അന്ത്യനിമിഷങ്ങളുടെ കൂടുതല്‍ വിവരങ്ങളാണ് ഈ വീഡിയോയിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വീറ്റ്‌ഷെഫ് പബിലേക്ക് തീവ്രവാദികള്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
പബില്‍ കയറാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭീകരര്‍ ഒരു കാല്‍നട യാത്രക്കാരനെ ആക്രമിക്കുന്നു.
കാല്‍നട യാത്രക്കാരനെ വഴിയിലിട്ട് കുത്തി പരുക്കേല്‍പ്പിക്കുന്നതിനിടെ പോലീസ് എത്തിയതോടെ ഭീകരരുടെ പദ്ധതി പാളുകയായിരുന്നു. എട്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മൂന്ന് തീവ്രവാദികളും വീറ്റ്‌ഷെഫ് പബില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. എന്നാല്‍ പബിന്റെ ഡോറുകള്‍ അടച്ചിരുന്നതിനാല്‍ അകത്ത് കയറാന്‍ സാധിച്ചില്ല. ഈ സമയം വഴിയിലൂടെ വന്നയാളെ അക്രമികള്‍ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.
യൂസഫ് സഗ്ഭയെന്ന അക്രമിയാണ് വഴിയാത്രക്കാരനെ കുത്തുന്നത്. തുടര്‍ന്ന് നിലത്ത് വീണയാളുടെ മുകളിലേക്ക് മൂന്ന് അക്രമികളും കയറിയിരുന്ന് ആക്രമിക്കുന്നു. ഇതിനിടെയാണ് പോലീസ് സ്ഥലത്ത് എത്തുന്നത്. പോലീസിനെ കണ്ടതും മൂന്ന് ദിശയിലേക്ക് ചിതറിയ അക്രമികള്‍ക്ക് നേരെ ഉടന്‍ പോലീസ് വെടിവെപ്പ് തുടങ്ങി. തുടര്‍ച്ചയായ വെടിവയ്പ്പില്‍ അമ്പതോളം ബുള്ളറ്റുകള്‍ അക്രമികളുടെ ശരീരത്തില്‍ തുളഞ്ഞു കയറിയതായാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യമെത്തിയ പോലീസ് സംഘം അക്രമികളെ നേരിടുന്നതിനിടെ രണ്ടാമത് ഒരു സംഘം കൂടി എത്തി. ഇരു സംഘങ്ങളും ചേര്‍ന്ന് അക്രമികള്‍ക്കെതിരെ അമ്പത് റൗണ്ട് വെടിയുതിര്‍ത്തു. ആറ് സെക്കന്‍ഡില്‍ അക്രമികളെ പോലീസ് കൊലപ്പെടുത്തി. നേരത്തെ വഴി യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി എട്ട് പേരെ കൊലപ്പെടുത്തിയ ശേഷമാണ് അക്രമികള്‍ വീറ്റ്‌ഷെഫ് പബില്‍ മദ്യപിച്ചു കൊണ്ടിരുന്നവരെ ആക്രമിക്കാനെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല