സ്വന്തം ലേഖകന്‍: ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടത്തിയ ഭീകരന്‍ വിംബിള്‍ഡണ്‍ സെക്യൂരിറ്റി സ്ഥാപനത്തില്‍ ജോലിക്ക് കയറാന്‍ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിന്റെ സൂത്രധാരന്‍ പാകിസ്താനില്‍ ജനിച്ച ബ്രിട്ടീഷ് പൗരനായ ഖുരാം ഷഹസാദ് ബട്ടാണ് വിംബിള്‍ഡന്‍ അടക്കമുള്ളവയ്ക്ക് ജീവനക്കാരെ നല്‍കുന്ന കമ്പനിയില്‍ ജീവനക്കാരനാകാന്‍ ശ്രമം നടത്തിയതായി വ്യക്തമായത്.
ദി ടെലഗ്രാഫ് ദിനപത്രമാണ് വിംബിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങള്‍ക്ക് സുരക്ഷ നല്‍കുന്ന കമ്പനിയില്‍ ഭട്ട് ജോലിയില്‍ പ്രവേശിക്കാന്‍ ലക്ഷ്യം വച്ചിരുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ അവസാനമാണ് ഇന്റര്‍വ്യൂ നടത്താന്‍ നിശ്ചയിച്ചിരുന്നത്. മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന സ്‌ഫോടനത്തിന് പിന്നാലെ ടെന്നീസ് ടൂര്‍ണ്ണമെന്റിലാണ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതെന്നാണ് സൂചനകള്‍.
മുഖാമുഖത്തില്‍ പങ്കെടുക്കുത്ത ഇയാളടെ പശ്ചാത്തല അന്വേഷണം കമ്പനി നടത്തിയിരുന്നെങ്കിലും ഇയാളുടെ തീവ്രവാദി ബന്ധം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ആ നിലയ്ക്ക് ഇയാള്‍ക്ക് സ്ഥാപനത്തില്‍ ജോലി ലഭിക്കുമായിരുന്നു. എന്നാല്‍, പിന്നീട് മാഞ്ചസ്റ്റര്‍ ആക്രമണത്തിനു ശേഷം പദ്ധതിയില്‍ മാറ്റം വരുത്തുകയും ലണ്ടണ്‍ ബ്രഡ്ജിലെ ആക്രമണത്തിന് പദ്ധതിയിടുകയും ചെയ്തതോടെയായിരിക്കണം ഇത് ഉപേക്ഷിച്ചതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇയാള്‍ മുന്‍പ് ആറു മാസത്തോളം ലണ്ടനിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മറ്റു രണ്ടുപേര്‍ക്കൊപ്പം ട്രക്ക് ഓടിച്ചുകയറ്റി ലണ്ടന്‍ ബ്രിഡ്ജില്‍ എട്ടുപേരെ കൊലപ്പെടുത്തിയ സംഭവം ഖുരാം ഷഹസാദ് ബട്ടാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഇയാളടക്കം മൂന്നു ഭീകരരേയും പോലീസ് സംഭവസ്ഥലത്തു വെച്ചുതന്നെ വെടിവെച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല