1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2017

സ്വന്തം ലേഖകന്‍: ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം നടത്തിയത് മൂന്നു ഭീകരര്‍, ഒരാള്‍ പാക് വംശജന്‍, രണ്ടു ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു, ഭീകരര്‍ക്കായി ലണ്ടന്‍ നഗരം അരിച്ചുപെറുക്കി പോലീസ്. കിഴക്കന്‍ ലണ്ടനിലെ ബാര്‍കിംഗ് സ്വദേശികളായ ഖുറം ഭട്ട് (27), റാഷിദ് റെഡൗനെ (30) എന്നിവരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ഇവരുടെ ചിത്രങ്ങളും പോലീസ് പ്രസിദ്ധീകരിച്ചു. പാക്കിസ്ഥാനില്‍ ജനിച്ച ഖുറം ബ്രിട്ടീഷ് പൗരത്വം നേടിയ ആളാണ്. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു. ശനിയാഴ്ച രാത്രിയാണ് ജനക്കൂട്ടത്തിലേക്കു വാന്‍ ഓടിച്ചുകയറ്റിയശേഷം മൂന്നു ഭീകരര്‍ കത്തികൊണ്ടു ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പരുക്കേറ്റ 48 പേരില്‍ 21 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. രണ്ടര മാസത്തിനിടെ ബ്രിട്ടനില്‍ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് ബ്രിട്ടനിലെങ്ങും അതീവ ജാഗ്രതയും രാജ്യവ്യാപകമായി പരിശോധനകളും തുടരുകയാണ്.

ആക്രമണം നടത്തിയ മൂന്നു അക്രമികളെയും മിനിറ്റുകള്‍ക്കുളളില്‍ പൊലീസ് വധിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രാചാരണം ഇന്ന് പുനരാരംഭിക്കും. തിരഞ്ഞെടുപ്പ് വ്യാഴാഴ്ച തന്നെ നടക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് മാഞ്ചസ്റ്ററില്‍ യു.എസ് ഗായിക അരിന ഗ്രാന്റെയുടെ സംഗീത പരിപാടിക്കിടെ നടന്ന ആക്രമണത്തില്‍ 23 പേരാണ് കൊല്ലപ്പെട്ടത്. മാര്‍ച്ചില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ അഞ്ചു പേരും കൊല്ലപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.