സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തിന്റെ പേരില്‍ ലണ്ടന്‍ മേയറും ട്രംപും തമ്മില്‍ പോര്, ട്രംപ് ലണ്ടന്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന് മേയര്‍, പരിഹാസവുമായി ട്രംപ്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ പരിഹസിച്ച് ട്രംപ് ട്വീറ്റ് ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഏഴ് പേര്‍ മരിക്കുകയും 48 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത ലണ്ടന്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് ഖാന്‍ നഗരവാസികള്‍ക്കു നല്‍കിയ സന്ദേശത്തില്‍ ആരും ഭയപ്പെടരുതെന്ന് പറഞ്ഞിരുന്നു.
ഈ പ്രസ്താവനയെയാണ് ട്രംപ് പരിഹസിച്ചത്. തുടര്‍ന്ന് ട്രംപ് ഈ വര്‍ഷം ഒക്ടോബറില്‍ നടത്താനിരിക്കുന്ന യുകെ പര്യടനം റദ്ദാക്കണമെന്ന് സാദിഖ് ഖാന്‍ തിരിച്ചടിച്ചു. ചാനല്‍ 4 ന്യൂസിനോടു സംസാരിക്കവേയാണ് ഖാന്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്. ട്രംപിനെ ചുവപ്പ് പരവതാനി വിരിച്ചു സ്വീകരിക്കണമെന്ന അഭിപ്രായമില്ല. നമ്മള്‍ നിലകൊള്ളുന്ന പല നിലപാടുകള്‍ക്കും നയങ്ങള്‍ക്കുമെതിരാണ് ട്രംപിന്റേതെന്നും ഖാന്‍ പറഞ്ഞു.
നമ്മള്‍ ഒരു വ്യക്തിയുമായി പ്രത്യേക ബന്ധം സ്ഥാപിക്കുമ്പോള്‍, അയാളുടെ പ്രതികൂല അവസ്ഥയില്‍ അയാളോടൊപ്പം നമ്മള്‍ നിലനില്‍ക്കും. എന്നാല്‍ അയാള്‍ തെറ്റാണെങ്കില്‍ അയാളെ നമ്മള്‍ ഉപേക്ഷിക്കും. ട്രംപ് തെറ്റാണ്. പല കാര്യങ്ങളിലും ഇത് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും ഖാന്‍ വ്യക്തമാക്കി. ലണ്ടന്‍ നഗരത്തില്‍ 400 തീവ്രവാദികളുണ്ടെന്ന റിപ്പോര്‍ട്ടുകളോട്, തനിക്ക് നാനൂറ് പേരുടെയും പിന്നാലെ നടക്കാനാകില്ലെന്ന് മേയര്‍ പ്രതികരിച്ചു. ലണ്ടനിലെ ആദ്യത്തെ മുസ്ലീം മേയറാണ് സാദിഖ് ഖാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല