അടിക്കടിയുണ്ടാകുന്ന സിഗ്‌നല്‍ തകരാറുകള്‍ ലണ്ടന്‍ ബ്രിഡ്ജ് സ്റ്റേഷന്‍ വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് തലവേദനയാകുന്നു. കഴിഞ്ഞ ദിവസം സിഗ്‌നല്‍ തകരാറു മൂലം മണിക്കൂറുകളാണ് ട്രെയിനുകള്‍ പിടിച്ചിട്ടത്. ഏറെ നേരെ കാത്തു നിന്നിട്ടും ട്രെയിനുകള്‍ എത്താതായതോടെ സ്റ്റേഷനില്‍ തിങ്ങി നിറഞ്ഞ യാത്രക്കാരുടെ നിയന്ത്രണം വിട്ടു.
വൈകുന്നേരം ജനങ്ങള്‍ ജോലി കഴിഞ്ഞ് മടങ്ങുന്ന സമയമായിരുന്നു സിഗ്‌നല്‍ പണിമുടക്കിയത്. രോഷാകുലരായ യാത്രക്കാരെ നിയന്ത്രിക്കാനാകാതെ പോലീസ് കുഴങ്ങുകയും ചെയ്തു. കാത്തുനിന്ന് സഹികെട്ട യാത്രക്കാരാകട്ടെ ബാരിക്കേഡുകള്‍ ചാടിക്കടന്ന് നിര്‍ത്തിയിട്ടിരുന്ന ട്രെയിനുകളില്‍ കയറിയിരിക്കാന്‍ തുടങ്ങിയതോടെ ട്രെയിനുകളിലേക്കുള്ള വൈദ്യുതി ബന്ധം അധികൃതര്‍ വിച്ഛേദിച്ചു.
ആള്‍ക്കൂട്ടം രോഷാകുലരായതോടെ പരിഭ്രാന്തരായ സ്റ്റേഷന്‍ അധികാരികള്‍ ട്രാന്‍സ്‌പോര്‍ട്ട് പോലീസിനെ വിളിച്ചു വരുത്തിയത് പ്രശ്‌നം കൂടുതല്‍ വഷളാക്കി. അതെസമയം ഒരാളെ ട്രെയിന്‍ ഇടിചുവെന്നും വാര്‍ത്ത പ്രചരിച്ചു.
സഹികെട്ട യാത്രക്കാരാകട്ടെ സോഷ്യല്‍ മീഡിയയില്‍ സതേണ്‍ റയില്‍വേക്കെതിരെ ശകാര വര്‍ഷം നടത്തി. ഏറെ നേരമെടുത്താണ് ട്രെയിന്‍ ഗതാഗതം സാധാരണ നിലയില്‍ ആയത്. എന്നാല്‍ മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ചില സെര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.
എന്നാല്‍ ഉച്ചയോടെ ട്രെയിനിനു മുന്നില്‍ ചാടിയ ഒരാള്‍ ട്രാക്കില്‍ കുടുങ്ങിയതാണ് പ്രശ്‌നത്തിന് കാരണമെന്ന് സതേണ്‍ റയില്‍വേ വിശദീകരിച്ചു. ലണ്ടനിലെ ഏറ്റവും പഴക്കമേറിയതും ജനത്തിരക്കേറിയതുമാണ് ലണ്ടന്‍ ബ്രിഡ്ജ് സ്റ്റേഷന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല