1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2019

സ്വന്തം ലേഖകൻ: എസ്സെക്സിൽ ഒരു കണ്ടെയ്‌നർ ലോറിക്കുള്ളിൽ ശ്വാസം മുട്ടി മരിച്ച മലയിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളെ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതേയുള്ളൂ. മരിച്ചവരിൽ ഭൂരിഭാഗവും ചൈനീസ് പൗരന്മാരാണ് എന്ന തരത്തിലുള്ള സൂചനകൾ വന്നു തുടങ്ങിയെങ്കിലും അവരുടെ പേരുവിവരങ്ങളൊന്നും തന്നെ ഇതുവരെ യുകെ പൊലീസ് പുറത്തുവിട്ടിട്ടില്ല.

എന്നാൽ, അതിനിടെ മരിച്ചവരുടെ കൂട്ടത്തിൽ തങ്ങളുടെ 26 -കാരിയായ മകൾ ഫാം തി ത്രാ മെയും ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഏകദേശം ഉറപ്പിച്ച മട്ടാണ് ആ വിയറ്റ്നാമീസ് യുവതിയുടെ മാതാപിതാക്കൾ. കാരണം, അവരുടെ മൊബൈൽ ഫോണിലേക്ക് ഒക്ടോബർ 23 -ന് വിയറ്റ്‌നാം സമയം പുലർച്ചെ 4.28-ന്, അതായത് യുകെ ടൈം താത്രി 10.28-ന്,മുറിഞ്ഞ് മുറിഞ്ഞ്,

ചെറിയ ചെറിയ വാചകങ്ങളിലായി എട്ടുപത്തു മെസേജുകൾ വന്നു. ആ സന്ദേശങ്ങൾ അയക്കപ്പെട്ടത്, മൃതദേഹങ്ങൾ കണ്ടെടുത്ത് ആംബുലൻസ് വിളിക്കപ്പെടുന്നതിന് നാലുമണിക്കൂറെങ്കിലും മുമ്പാണ്. അതായത് യുവതിയുടെ അന്ത്യ നിമിഷങ്ങളിൽ!

“അമ്മേ… എന്നോട് പൊറുക്കണം. എന്റെ വിദേശയാത്രയിൽ വിജയിക്കാൻ എനിക്ക് കഴിഞ്ഞില്ല. അമ്മാ.. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. ഇപ്പം മരിച്ചുപോകും ഞാൻ.. ഒട്ടും ശ്വാസമെടുക്കാൻ പറ്റുന്നില്ലമ്മാ..! മരിച്ചുപോകും ഞാനിപ്പോൾ, സത്യം. ഞാൻ ങ്കെൻ, കാൻ ലോക്, ഹാ തിൻ, വിയറ്റ്‌നാമിൽ നിന്നാണ്… എന്നോട് ക്ഷമിക്കണേ അമ്മാ..!“ ബ്ലാങ്ക് ചെയ്ത മെസ്സേജ് അവരുടെ വീടിന്റെ അഡ്രസ്സാണ്. അതും ആ കുട്ടി മരിച്ചു പോകും മുമ്പ് ലോകത്തെ അറിയിക്കാനെന്നോണം അമ്മയുടെ മൊബൈലിലേക്ക് അയച്ചുവിട്ടിരുന്നു.

ഫോൺ മെസ്സേജുകളുടെ സ്ക്രീൻഷോട്ടിൽ നിന്ന്, ആ യുവതി പിന്നീട് സ്വന്തം ഫോൺ ഉപയോഗിച്ചിട്ടേയില്ല എന്ന് കാണാം. അതിനു ശേഷം കണ്ടെയ്‌നറിനുള്ളിലെ വായു പൂർണമായും തീർന്ന്, കൂടെയുള്ള 38 പേരോടൊപ്പം ഫാം തിയും മരണത്തിന് കീഴടങ്ങി എന്നുള്ള തിരിച്ചറിവിൽ നടുങ്ങുകയാണ് ലോകം.

മാതാപിതാക്കൾ ലണ്ടനിലെ വിയറ്റ്നാമീസ് എംബസിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രമിക്കുകയാണ്. 26 വയസ്സുള്ള ഒരു വിയറ്റ്നാമീസ് യുവാവും, മറ്റൊരു പത്തൊമ്പതുകാരിയും ഇതേ കണ്ടെയ്നറിലേക്ക് കയറിയിട്ടുണ്ടെന്ന് അവരുടെ കുടുംബങ്ങളിൽ നിന്ന് വിവരം കിട്ടിയിട്ടുണ്ട് പൊലീസിന്. ഏതു വിധേനയും യുകെയിലേക്ക് കടക്കാൻ വേണ്ടി ഇതിനു മുമ്പും ഇവർ പരിശ്രമം നടത്തിയിട്ടുള്ളതായി കുടുംബാംഗങ്ങൾ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.