സ്വന്തം ലേഖകന്‍: ലണ്ടന്‍ തീപിടുത്തം, ദുരന്ത ബാധിതര്‍ക്കായി വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട് ക്രിസ്ത്യന്‍, മുസ്ലീം പള്ളികളും ഗുരുദ്വാരകളും, മാനവ സാഹോദര്യത്തിന്റെ പുതിയ പാഠവുമായി ലണ്ടന്‍ നഗരം. ലണ്ടനിലെ 24 നില പാര്‍പ്പിട സമുച്ചയം ഗ്രെന്‍ഫീല്‍ഡ് കത്തിയമര്‍ന്നപ്പോള്‍ കെട്ടിടത്തിലും സമീപ പ്രദേശത്തും താമസിച്ചിരുന്നവര്‍ക്ക് താങ്ങും തണലുമായി എത്തുകയാണ് അല്‍ മനാര്‍ മോസ്‌ക്കും ഏതാനും ഇസ്‌ളാമിക കള്‍ച്ചറല്‍ സെന്ററുകളും സിഖുകാരുടെ ആരാധനാലയമായ ലണ്ടനിലെ ഗുരുദ്വാരകളും.
തീപിടുത്തത്തിന് ഇരയായ ഗ്രെന്‍ഫെല്‍ ടവറില്‍ നിന്നുള്ളവര്‍ക്ക് ഉപയോഗിക്കാനും താല്‍ക്കാലികമായി കിടക്കാനും ഇവര്‍ വാതില്‍ തുറന്നിട്ടിരിക്കുന്നു. ആര്‍ക്കും ഏതു വിശ്വാസത്തില്‍ ഉള്ളവര്‍ക്കും വിശ്വാസികള്‍ അല്ലാത്തവര്‍ക്കും ഇവിടെ വെള്ളവും ആഹാരവും കരുതിയിട്ടുണ്ടെന്നും ഉറങ്ങാനും വിശ്രമിക്കാനും ഇവിടേയ്ക്ക് വരാമെന്നും കള്‍ച്ചറല്‍ ഹെിറ്റേജ് സെന്റര്‍ അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സംഭവം നടന്നതിന് തൊട്ടു പിന്നാലെ അല്‍മനാര്‍ സ്റ്റാഫുകളും വോളണ്ടിയര്‍ മാരും വെള്ളവും ഈന്തപ്പഴവും മറ്റ് അവശ്യ വസ്തുക്കളുമായി ഓടിയെത്തിയിരുന്നു. പ്രതിസന്ധിയില്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകളും ചിന്തകളും നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. സെന്റ് ക്‌ളെമന്റ് സെന്റ് ജെയിംസ് പള്ളികളും വാതില്‍ തുറന്നിട്ടിരുന്നു. ഇവയ്‌ക്കൊപ്പം സിഖ് ഗുരുദ്വാരകളും അഭയം നല്‍കി.
തീനാളങ്ങള്‍ ആളിപ്പടര്‍ന്നപ്പോള്‍ മുസ്‌ളീം യുവാക്കള്‍ വെള്ള അവശ്യ വസ്തുക്കളുമായി ഓടിയെത്തിയെന്നും ആള്‍ക്കാരെ കെട്ടിടത്തില്‍ നിന്നും പുറത്തെത്തിക്കാന്‍ സഹായിച്ചെന്നും കെട്ടിടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു. വെള്ളവും ആഹാരവും വസ്ത്രങ്ങളുമായി ഒട്ടേറെ മുസ്‌ളീങ്ങളായിരുന്നു അപകട സ്ഥലത്ത് ഉണ്ടായിരുന്നതെന്ന് കെട്ടിടത്തിലെ മറ്റൊരു താമസക്കാരന്‍ ഓര്‍മ്മിച്ചു. നോമ്പിന്റെ ഭാഗമായിട്ടുള്ള സഹറിനായി ഉണര്‍ന്നിരുന്നവരാണ് സംഭവം ആദ്യം അറിഞ്ഞത്. വ്രതം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് രാത്രി ഒരു മണിക്കും രണ്ടു മണിക്കും ഇടയില്‍ ആഹാരം കഴിക്കാന്‍ ഇരുന്നവരാണ് തീനാളങ്ങള്‍ ആദ്യം കണ്ടത്.
‘സാധാരണഗതിയില്‍ താമസിച്ച് കിടക്കാറുള്ള ഞാന്‍ കഴിഞ്ഞ ദിവസം സുഹറിനായി കാത്തിരിക്കുകയായിരുന്നു. പ്‌ളേ സ്‌റ്റേഷനില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പുക മണത്തു. എഴുന്നേറ്റ് നോക്കുമ്പോള്‍ ഏഴാം നിലയില്‍ നിന്നുമാണ് പുകവരുന്നത്. പെട്ടെന്ന് തന്നെ ആന്റിയെ വിളിച്ചെഴുന്നേല്‍പ്പിച്ചു പിന്നീട് കിട്ടിയ വസ്ത്രവുമണിഞ്ഞ് അയല്‍ക്കാരുടെ വാതിലുകളിലേക്ക് ഓടുകയായിരുന്നു. രണ്ടെണ്ണം ഒഴികെ എല്ലാ വാതിലുകളും തുറന്നു,’ എട്ടാം നിലയില്‍ താമസിച്ചിരുന്ന ഖാലിദ് സുലൈമാന്‍ അഹമ്മദ് എന്ന 20 കാരന്റെ അനുഭവ സാക്ഷ്യം ഇങ്ങനെ.
പുലര്‍ച്ചെ രണ്ടു മണിയോടെ ഒരു ഹെലികോപ്റ്റര്‍ പറക്കുന്നത് പോലെ ശബ്ദം കേട്ടെന്നും ഇത് തന്നെപ്പോലെ മറ്റു ചിലരും ശ്രദ്ധിച്ചെന്നും അസാധാരണമായി എന്തോ നടക്കാന്‍ പോകുന്നെന്ന തോന്നലുണ്ടാക്കിയെന്നും റഷീദാ എന്നയാള്‍ പറഞ്ഞു. നോമ്പു തുടങ്ങാന്‍ തയ്യാറെടുത്ത് ആഹാരത്തിനായി എഴുന്നേറ്റ മുസ്‌ളീം സഹോദരങ്ങളാണ് തീ പടര്‍ന്ന കാര്യം ആദ്യം വിളിച്ചു പറഞ്ഞതെന്ന് നിരവധി താമസക്കാര്‍ വ്യക്തമാക്കി. ദുരന്തമുഖത്ത് കൈകോര്‍ത്ത് സാഹോദര്യത്തിന്റെ സന്ദേശം ഒന്നു കൂടി ഉറപ്പിക്കുകയാണ് ലണ്ടന്‍ നിവാസികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല