സ്വന്തം ലേഖകന്‍: ലണ്ടന്‍ തീപിടുത്തം, മരണ സംഖ്യ പതിനേഴായി, തീനാളങ്ങള്‍ വിഴുങ്ങിയ കെട്ടിടത്തിന്റെ ഒരു ഭാഗം നിലംപതിച്ചു, വീടില്ലാതായവര്‍ക്ക് തണലായി ക്രിസ്ത്യന്‍, മുസ്ലീം പള്ളികളും ഗുരുദ്വാരകളും. ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. ദുരന്തത്തെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രധാനമന്ത്രി തെരേസാ മേ അറിയിച്ചു. 24 നിലയുള്ള ടവറിലെ 120 ഫ്‌ളാറ്റുകളില്‍ അപകട സമയത്ത് 600 ല്‍ അധികം പേരുണ്ടായിരുന്നു.
തീപിടിത്തമുണ്ടായപ്പോള്‍ പലരും ഉറക്കത്തിലായിരുന്നു. പരിക്കേറ്റ 78 പേരില്‍ 34 പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഇവരില്‍ 18 പേരുടെ നില ഗുരുതരമാണ്. കെട്ടിടം പൂര്‍ണമായി പരിശോധിക്കാന്‍ സമയമെടുക്കുമെന്നും അതു കഴിഞ്ഞാലേ ഇനിയും ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാനാവുകയുള്ളുവെന്നും അധികൃതര്‍ പറഞ്ഞു.
തീപിടിത്തത്തിനു ഭീകരതയുമായി ബന്ധമുണ്ടെന്നു സംശയിക്കാന്‍തെളിവില്ലെന്ന് മെട്രോ പോലിറ്റന്‍ പോലീസ് കമ്മീഷണര്‍ സ്റ്റുവാര്‍ട്ട് മുന്‍ഡി പറഞ്ഞു. തീ പൂര്‍ണമായി അണച്ചെന്നും ചിലേടങ്ങളില്‍ ഇപ്പോഴും പുക ഉയരുന്നുണ്ടെന്നും ഫയര്‍ കമ്മീഷണര്‍ ഡാനി കോട്ടണ്‍ വ്യക്തമാക്കി. അഗ്‌നിശമന പ്രവര്‍ത്തകര്‍ 65 പേരെ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
തീപിടുത്തത്തില്‍ വീട് നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ ക്രിസ്ത്യന്‍, മുസ്ലീം പള്ളികളും ഗുരുദ്വാരകളും രംഗത്തെത്തി. ലങ്കാസ്റ്റര്‍ വെസ്റ്റ് എസ്‌റ്റേറ്റില്‍ ലറ്റിമീര്‍ റോഡിനു സമീപമുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. മൂന്ന്, നാലോ നിലകളിലെ ഏതെങ്കിലും റഫ്രിജറേറ്ററില്‍ നിന്ന് അഗ്‌നിബാധ ഉണ്ടായതാകാമെന്നാണ് നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല