സ്വന്തം ലേഖകന്‍: ലണ്ടന്‍ തീപിടുത്തം, മരണ സംഖ്യ 58 എന്ന് സ്ഥിരീകരണം, അവശിഷ്ടങ്ങളില്‍ ഇനിയാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് പോലീസ്. ലണ്ടനിലെ ഗ്രെന്‍ഫല്‍ ടവറിലെ തീപിടിത്തത്തില്‍ കാണാതായവരും മരിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഇനി ആ രെങ്കിലും ജീവനോടെ അവശേഷിക്കാന്‍ സാധ്യതയില്ലെന്ന് മെട്രൊപ്പൊലിറ്റന്‍ പോലീസ് കമാന്‍ഡര്‍ സ്റ്റുവര്‍ട്ട് കന്‍ഡി അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. എഴുപതോളം പേര്‍ മരിച്ചതായാണ് ബിബിസി കണക്കുകൂട്ടുന്നത്.
പ്രധാനമന്ത്രി തെരേസാ മേ ഗ്രെന്‍ഫല്‍ ടവറിലെ അന്തേവാസികളെ സന്ദര്‍ശിച്ചു. നമ്മുടെ സമൂഹത്തിനും രാജ്യത്തിനും ചിന്തിക്കാന്‍ കഴിയാത്ത ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ദുരന്തത്തില്‍പെട്ടവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അവര്‍ പറഞ്ഞു. നേരത്തെ എലിസബത്ത് രാജ്ഞിയും പേരമകന്‍ വില്യം രാജകുമാരനും സ്ഥലം സന്ദര്‍ശിച്ചിരുന്നു. താമസസ്ഥലം നഷ്ടപ്പെട്ടവരെ സമീപപ്രദേശങ്ങളില്‍ പുനരധിവസിപ്പിക്കുമെന്നു പുതിയ സര്‍ക്കാരിലെ ഭവനമന്ത്രിയും ഇന്ത്യന്‍ വശംജനായ അലോക് ശര്‍മ പറഞ്ഞു.
മരിച്ചവരിലൊരാള്‍ സിറിയന്‍ അഭയാര്‍ഥി മുഹമ്മദ് അലാജലി (23) ആണെന്നു തിരിച്ചറിഞ്ഞു. 14 ആം നിലയിലാണു ഇയാള്‍ താമസിച്ചിരുന്നത്. വെസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. അതേസമയം, അഗ്‌നിബാധയ്ക്കു ശേഷം 74 പേരെ കാണാനില്ലെന്നു റിപ്പോര്‍ട്ടുണ്ട്. പൂര്‍ണമായും അഗ്‌നിക്കിരയായ കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
24 നിലകളിലായി 120 ഫ്‌ലാറ്റുകളാണു കെട്ടിടത്തിലുള്ളത്. കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. ചൊവ്വാഴ്ച അര്‍ധരാത്രിക്കു ശേഷമാണു കെട്ടിടം അഗ്‌നിക്കിരയായത്. ലണ്ടന്‍ നഗരം കണ്ട ഏറ്റവും വലിയ അഗ്‌നിബാധകളിലൊന്നാണിത്. ഇടത്തരക്കാര്‍ താമസിക്കുന്ന ഫ്‌ലാറ്റുകളാണു കെട്ടിടത്തിലുള്ളത്. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ സംഭവത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കാരണം കണ്ടെത്താനുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണു റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല