സ്വന്തം ലേഖകന്‍: ലണ്ടന്‍ തീപിടുത്തം, തീ വിഴുങ്ങിയ പത്താം നിലയിലെ ഫ്‌ലാറ്റില്‍ നിന്ന് അമ്മ താഴേക്ക് വലിച്ചെറിഞ്ഞ പിഞ്ചു കുഞ്ഞിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍, ലണ്ടനില്‍ മരണവും ജീവിതവും മുഖാമുഖം! പടിഞ്ഞാറന്‍ ലണ്ടനിലെ ലാട്ടിമെര്‍ റോഡിലുള്ള ഗ്രെന്‍ഫെല്‍ ടവര്‍ എന്ന 24 നില കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്നപ്പോള്‍ സ്വന്തം ജീവന്‍ ബലി കൊടുത്തും തന്റെ കുഞ്ഞിനെ രക്ഷിക്കുക എന്നതായിരുന്നു ആ അമ്മയുടെ ലക്ഷ്യം.
തീനാളങ്ങളില്‍ക്കിടയില്‍ കുടുങ്ങിയതോടെ രണ്ടും കല്‍പ്പിച്ച് യുവതി പത്താം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് എത്തിയത് സുരക്ഷിത വലയിലാണ്. തീ പിടുത്തം ഉണ്ടായതോടെ രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതെ ആളുകള്‍ നെട്ടോട്ടം ഓടുന്നതിനിടയിലാണ് താഴെ നിന്നവര്‍ ഒരു യുവതി പത്താം നിലയില്‍ ജനാലയ്ക്കടുത്തായി കുഞ്ഞിനെ താഴേയ്ക്ക് എറിഞ്ഞ് രക്ഷിക്കാനായി ശ്രമിക്കുന്നത് കണ്ടത്.
തന്റെ കുഞ്ഞിനെ ആരെങ്കിലും പിടിക്കണേ എന്ന് യുവതി അപേക്ഷിക്കുന്നുമുണ്ടായിരുന്നു. ഇതു കണ്ടു നിന്ന യുവാവ് ഓടിയെത്തി കുഞ്ഞ് സുരക്ഷിതമായി കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. നിരവധി പേര്‍ തങ്ങളെ രക്ഷിക്കാനായി മുകളില്‍ നിന്ന് കേഴുന്നുണ്ടായിരുന്നുവെന്നും കണ്ടു നിന്നിരുന്നവര്‍ വ്യക്തമാക്കുന്നു. നിരവധി കുഞ്ഞുങ്ങളെ മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞ് രക്ഷപ്പെടുത്തിയെന്നാണ് വിവരം.
പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ന് താമസക്കാരെല്ലാം നല്ല ഉറക്കത്തില്‍ ആയിരിക്കുമ്പോഴാണ് കെട്ടിടത്തില്‍ തീയാളിപ്പടര്‍ന്നത്. വെറും 11 മിനിറ്റിനുള്ളില്‍ 600 ഓളം താമസക്കാരുള്ള കെട്ടിടത്തിലെ 13 നിലകള്‍ തീവിഴുങ്ങിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അതോടെ നിരവധി പേര്‍ ഫ്‌ലാറ്റുകളില്‍ കുടുങ്ങി. തുടര്‍ന്ന് 40 ഫയര്‍ എഞ്ചിനുകളും 200 ഓളം അഗ്‌നിശമന സേനാംഗങ്ങളും മണിക്കൂറുകളോളം പണിപ്പെട്ടാണ് തീനാളങ്ങളെ വരുതിക്കു നിര്‍ത്താനായത്.
രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ നിലയില്‍ എത്തിയതായി ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. 24 നിലകളിലും തീനാളങ്ങള്‍ നാശം വിതച്ചെങ്കിലും അവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിഗമനം. 12 പേരാണ് ഇതുവരെ മരിച്ചത്. എന്നാല്‍ പരുക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയരരുമെന്ന് ആശങ്കയുണ്ട്.
കെട്ടിടം ഒന്നാകെ നിലംപൊത്താനുള്ള സാധ്യതകണക്കിലെടുത്ത് സമീപപ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ദുരന്തത്തെ പറ്റി വിശദമായ അന്വേഷണത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഉത്തരവിട്ടു. ലാന്‍കാസ്റ്റര്‍ വെസ്റ്റ് എസ്റ്റേറ്റിലുള്ള കെട്ടിട സമുച്ചയം ലാറ്റിമെര്‍ റോഡ് അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനും വെസ്റ്റ് ഫീല്‍ഡ് വൈറ്റ് സിറ്റി ഷോപ്പിംഗ് സെന്റിനുമിടയിലാണ് സ്ഥിതിചെയ്യുന്നത്. 67.37 മീറ്റര്‍ പൊക്കമുള്ള 1974 ല്‍ പണി കഴിപ്പിച്ച കെട്ടിടമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല