1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2024

സ്വന്തം ലേഖകൻ: വിമാനടിക്കറ്റ് മറ്റൊരുദിവസത്തേക്ക് മാറ്റിനല്‍കാത്തതിനാല്‍ എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരനെ വിമാനത്താവളത്തില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സുഹൈബി(29)നെയാണ് എയര്‍ഇന്ത്യയുടെ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, ലണ്ടനില്‍നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ഇന്ത്യ വിമാനത്തില്‍നിന്ന് മകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും ഇത് ചോദ്യംചെയ്തതിലുള്ള പ്രതികാര നടപടിയാണെന്നും യുവാവ് ആരോപിച്ചു. മകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനാല്‍ തിരികെയുള്ള വിമാനടിക്കറ്റ് മറ്റൊരുദിവസത്തേക്ക് മാറ്റിനല്‍കണമെന്ന് യുവാവ് ആവശ്യപ്പെട്ടിരുന്നു. ഇത് വിമാനക്കമ്പനി അനുവദിച്ചില്ല. ഇതേത്തുടര്‍ന്നാണ് യുവാവ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച രാവിലെ 11.50-ന് ലണ്ടനിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രചെയ്യാനായി കുടുംബത്തോടൊപ്പം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സുഹൈബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പരിശോധനകളുടെ ഭാഗമായി യാത്രക്കാരനെ ആദ്യം ഉദ്യോഗസ്ഥര്‍ തടഞ്ഞുവെയ്ക്കുകയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് ലണ്ടനില്‍നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ഇന്ത്യ വിമാനത്തില്‍നിന്ന് ഭക്ഷണം കഴിച്ച മകള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്നും ആരോഗ്യനില മോശമായെന്നുമാണ് യുവാവിന്റെ മൊഴി. ഇതേത്തുടര്‍ന്ന് ലണ്ടനിലേക്ക് തിരികെപോകാനായി ചൊവ്വാഴ്ചത്തേക്ക് ബുക്ക് ചെയ്തിരുന്ന വിമാനടിക്കറ്റ് മറ്റൊരുദിവസത്തേക്ക് മാറ്റിനല്‍കാന്‍ യുവാവ് ആവശ്യപ്പെട്ടു.

എന്നാല്‍, എയര്‍ഇന്ത്യ ഇതിനായി കൂടുതല്‍ തുക ആവശ്യപ്പെട്ടെന്നും ഇത് കടുത്ത സാമ്പത്തികബാധ്യതയുണ്ടാക്കുന്നതിനാല്‍ ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിക്കേണ്ടിവന്നെന്നുമാണ് യുവാവ് പറയുന്നത്. ഇതിന്റെ പേരിലാണ് ബോംബ് ഭീഷണി മുഴക്കിയെന്ന കേസില്‍ കുടുക്കിയതെന്നും യുവാവ് ആരോപിച്ചു.

നേരത്തെ ബുക്ക് ചെയ്ത വിമാനത്തില്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം യാത്രചെയ്യാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സുഹൈബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, ഫോണില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചെന്നും ഇതേത്തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് സുഹൈബ് എന്ന യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നുമാണ് എയര്‍ഇന്ത്യയുടെ വിശദീകരണം. ലണ്ടനിലേക്കുള്ള വിമാനത്തിന്റെ ഷെഡ്യൂളില്‍ മാറ്റമില്ലെന്നും എയര്‍ഇന്ത്യ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.