എ. പി. രാധാകൃഷ്ണന്‍
പ്രകൃതി കൊടും തണുപ്പിന്റെ ആവരണം തീര്‍ത്ത സന്ധ്യയില്‍ ഈശ്വരാരാധനയുടെ ധന്യമായ മുഹൂര്‍ത്തങ്ങള്‍ ഭക്തര്‍ക്ക് സമ്മാനിച്ച് കൊണ്ട് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ പരിപൂര്‍ണമായി, ഇനി നൃത്തോത്സവത്തിനുള്ള കാത്തിരിപ്പ്!! മഹാശിവരാത്രിയോടനുബന്ധിച്ചു നടത്തുന്ന നൃത്തോത്സവം ഫെബ്രുവരി 28 നു നടക്കും.
ഇന്നലെ വൈകീട്ട് 6.00 നു പതിവുപോലെ ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ നാമസങ്കീര്‍ത്തനതോടെ പരിപാടികള്‍ ആരംഭിച്ചു. ആലാപനത്തില്‍ കണ്ണന്‍, ഹരി ഗോവിന്ദന്‍, സന്തോഷ്, സവിത പ്രദീഷ്, ജയലക്ഷ്മി, അഞ്ജന, രേഷ്മ, എന്നിവരും പക്കമേളത്തില്‍ ഗഞ്ചിരയില്‍ രാജഗോപാലും, തകിലില്‍ രാജന്‍ ചിറയന്‍കീഴും പങ്കെടുത്തു. ഹിന്ദു ഐക്യവേദി എന്ന വാക്കിനെ അന്വര്‍ത്ഥമാക്കി കൊണ്ട് ഹേവാര്‍ഡ് ഹീത്ത് ഹിന്ദു സമാജം പ്രതിനിധികളായ ശ്രീ സദാനന്ദന്‍, ശ്രീ ദിനേശ് എന്നിവരും, പോര്‍ട്‌സ്‌മൌത്ത് ഹിന്ദു സമാജം പ്രതിനിധികളായ ശ്രീ ആനന്ദ്, ശ്രീ രാജേഷ് എന്നിവരും ഭജനയില്‍ പങ്കെടുത്തു. ഭജനയില്‍ ശ്രീ സദാനന്ദന്‍ ആലപിച്ച ‘അമ്മേ അമ്മേ തായേ’ എന്ന ഗാനം ആദി പരാശക്തിയുടെ മുഴുവന്‍ കടാക്ഷങ്ങളും ഭക്തര്‍ക്ക് പകര്‍ന്നു നല്‍കി, തുടര്‍ന്ന് പാടിയ ‘വിഷ്ണു മായയില്‍ പിറന്ന’ എന്ന ഗാനവും പ്രത്യേകം ശ്രദ്ധേയമായി.
തുടര്‍ന്ന് വിവേകാനന്ദ ജയന്തി സന്ദേശം നല്കികൊണ്ട് പ്രഗല്ഭ വാഗ്മിയും ലണ്ടന്‍ മലയാളികള്‍കിടയിലെ വിശിഷ്ട വ്യക്തിത്വം ആയ ശ്രീ അശോക് കുമാര്‍ വിജ്ഞാന പ്രദമായ ഒട്ടനവധി കാര്യങ്ങള്‍ പങ്കുവെച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങളിലും സജീവ സാനിധ്യമായ ശ്രീ അശോക് കുമാര്‍ അഭിസംബോധന ചെയ്ത സദസ്സ് ഒരു മണിക്കോരോളം നീണ്ടു നിന്ന പ്രഭാഷണം ജിജ്ഞാസയോടെ സശ്രദ്ധം ശ്രവിച്ചു. ശാസ്ത്രത്തോളം തന്നെ ശാസ്ത്രിയമാണ് ഹൈന്ദവ സംസ്‌കാരം എന്ന സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തെ, യോഗ, രസതന്ത്രം, മനശാസ്ത്രം, ഭൌതികശാസ്ത്രം എന്നിവയെ കോര്‍ത്തിണക്കി കൊണ്ട് അദ്ദേഹം ലളിതമായി വിവരിച്ചു. സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി സഹസ്രാബ്ധങ്ങളോളം പാരമ്പര്യമുള്ള നമ്മുടെ ഉല്‍കൃഷ്ടമായ സംസ്‌കാരത്തെ മുറുകെ പിടിച്ചുകൊണ്ടു മുന്നോട്ടു പോകണമെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
തുടര്‍ന്ന് നടന്ന ഭക്തി ഗാനസുധയില്‍ ലണ്ടന്‍ നിവാസികളുടെ പ്രിയ ഗായകന്‍ ശ്രീ സുധീഷ് സദാനന്ദന്‍ ഗാനങ്ങള്‍ ആലപിച്ചു. ‘ഒരു പിടി അവിലുമായി’ എന്ന ശ്രീ ഗുരുവായൂരപ്പന്റെ ഭക്തിഗാനം ആലപനമികവുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കപെട്ടു. സമയ പരിമിതി മൂലം വേദ ജപം ഉള്‍പെടുത്താന്‍ സാധിക്കാത്തതില്‍ ഭാരവാഹികള്‍ ഖേദം പ്രകടിപ്പിച്ചു. മംഗള ദീപാരാധനയ്ക്ക് പതിവ് പോലെ ശ്രീ മുരളി അയ്യര്‍ നേതൃത്വം കൊടുത്തു. അന്നദാനതിനുശേഷം 9:30 നു സത്സംഗം സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല