സ്വന്തം ലേഖകന്‍: ലണ്ടനില്‍ വീണ്ടും കത്തിക്കുത്ത്; അമ്മയ്ക്കും കുഞ്ഞിനും കത്തിയാക്രമണത്തില്‍ പരുക്ക്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴു മണിയോടെയാണ് വെസ്റ്റ് ലണ്ടനിലെ ഫെല്‍താമിലുള്ള സ്വിന്‍ഫീല്‍ഡ് ക്ലോസില്‍ മുപ്പത് വയസായ യുവതിയ്ക്കും ഒരു വയസു പ്രായം വരുന്ന കുഞ്ഞിനും കുത്തേറ്റത്.
പോലീസ് ഉടന്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ചോരയില്‍ കുളിച്ച് കിടന്ന അമ്മയെയും കുഞ്ഞിനേയും പാരാമെഡിക്കല്‍ ടീമും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. യുവതി അപകട നില തരണം ചെയ്തുവെങ്കിലും കുഞ്ഞിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
രക്ഷപ്പെട്ട അക്രമിയ്ക്കായി സ്വിന്‍ഫീല്‍ഡ് പ്രദേശം മുഴുവനും പോലീസ് വലവിരിച്ചിരിക്കുകയാണ്. ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല, യുവതിയുടെ അയല്‍വാസിയായ ഒരു യുവാവാണ് കൃത്യം ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്. യുവതിയും ഇയാളും അടുത്ത പരിചയക്കാരാണെന്നും ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല