സ്വന്തം ലേഖകൻ: ലണ്ടനിൽ നിന്നു കൊച്ചിയിലേക്കും തിരിച്ചും വിമാന സർവീസുകൾ ആരംഭിക്കാൻ ബ്രിട്ടിഷ് എയർവേയ്സ് തയാറാകുന്നുവെന്ന സൂചനകൾ പുറത്തു വന്നു. ഇതിനുള്ള സാധ്യതകൾ ബ്രിട്ടിഷ് എയർവേയ്‌സ് തയാറാക്കുന്നുണ്ടെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ബ്രിട്ടിഷ് എയർവേയ്‌സിലെ ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി നിരവധി തവണ ചർച്ചകൾ നടത്തിയതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
നിലവിൽ ലണ്ടൻ ഗാറ്റ്‌വിക്കിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും എയർ ഇന്ത്യ മാത്രമാണ് നേരിട്ട് സർവീസ് നടത്തുന്നത്. ലണ്ടനിൽ നിന്നു കൊച്ചിയിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന മറ്റു വിമാനക്കമ്പനികൾ ഇല്ലാത്തതിനാൽ ആഴ്‌ചയിൽ മൂന്നു തവണ സർവീസ് നടത്തുന്ന നേരിട്ടുള്ള ഫ്ലൈറ്റുകളുടെ നിരക്ക് പരമാവധി വർധിപ്പിക്കുകയും എയർ ഇന്ത്യ ഈ മേഖലയുടെ കുത്തക നിലനിർത്തുകയും ചെയ്തു. നേരത്തെ ഹീത്രൂ എയർപോർട്ടിൽ നിന്നും നേരിട്ടുള്ള സർവീസുകൾ ഉണ്ടായിരുന്നുവെങ്കിലും നിർത്തലാക്കപ്പെട്ടു.
ബ്രിട്ടിഷ് എയർവേയ്‌സിന്റെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി സിയാലിന്റെ ബാഗേജ് കൈകാര്യം ചെയ്യൽ, റാംപ് ഓപ്പറേഷൻസ്, പാസഞ്ചർ സർവീസുകൾ എന്നിവ വിലയിരുത്തുകയും സർവീസ് നടത്താൻ യോഗ്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ ഫ്ലൈറ്റ് സർവീസ് സംബന്ധിച്ച് ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. പ്രഖ്യാപനം നടന്നാൽ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ബ്രിട്ടിഷ് എയർവേയ്‌സ് വിമാന സർവീസ് ആരംഭിച്ചേക്കും.
ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് ബ്രിട്ടിഷ് എയർവേയ്‌സ് ഫ്‌ളൈറ്റ് സർവീസ് അരംഭിക്കുമെന്ന സൂചനകൾ പുറത്തു വന്നത് യുകെ മലയാളികൾ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. എയർ ഇന്ത്യയെ കൂടാതെ മറ്റൊരു കമ്പനി കൂടി കൊച്ചിയിലേക്കും തിരിച്ചും നേരിട്ടുള്ള സർവീസ് നടത്തുമ്പോൾ നിരക്കുകളിൽ കാര്യമായ കുറവ് വരുമെന്നും യുകെ മലയാളികൾ പ്രതീക്ഷിക്കുന്നു.
യുകെയുടെ അംഗരാജ്യങ്ങളായ സ്‌കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് ബ്രിട്ടിഷ് എയർവേയ്‌സ് വഴി ഗാറ്റ്‌വിക്കിലേക്കോ ലണ്ടനിലേക്കോ എത്തി കൊച്ചിയിലേക്ക് നേരിട്ട് പോകാൻ വിമാനം ലഭിക്കും എന്നതും ഒരു നേട്ടമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല