സ്വന്തം ലേഖകൻ: ലണ്ടൻ – കൊച്ചി നേരിട്ടുള്ള വിമാന സർവീസ് ഫെബ്രു. 14 വരെ ഉണ്ടാകില്ല. തുടങ്ങുമെന്ന് പലവട്ടം പ്രഖ്യാപിക്കുകയും പിന്നീട് നീട്ടിവയ്ക്കുകയും ചെയ്ത സർവീസ് ഡിസംബർ 22നാണ് നിർത്തലാക്കിയത്. ഫെബ്രുവരി 14 വരെ കൊച്ചിയിൽ നിന്നും ലണ്ടനിലേക്കോ തിരിച്ചോ ഡയറക്ട് സർവീസ് ഉണ്ടാകില്ല എന്നാണ് എയർ ഇന്ത്യയുടെ പുതിയ സർക്കുലറിൽ പറയുന്നത്. 14 ശേഷം ഈ സർവീസ് തുടങ്ങുമെന്ന ഉറപ്പ് ഉത്തരവിൽ നൽകുന്നുമില്ല.
ജനുവരി 31നു ശേഷം ആരംഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നവരും ടിക്കറ്റ് മാറ്റിയെടുത്തവരുമെല്ലാം ഇതോടെ ത്രിശങ്കുവിലാകും. കൊച്ചി സർവീസ് അനിശ്ചിതമായി നീളുന്നതും റെഡ് ലിസ്റ്റിൽ പെടുത്തി യുഎഇയിൽ നിന്നുള്ള ഡയറക്ട് വിമാനങ്ങൾ ബ്രിട്ടൻ നിർത്തലാക്കിയതും യുകെ മലയാളികൾക്ക് തിരിച്ചടിയാകും. നിലവിൽ ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കു മാത്രമാകും വന്ദേഭാരത് മിഷന്റെ പത്താം ഘട്ടത്തിൽ ബ്രിട്ടനിൽ നിന്നുള്ള സർവീസുകൾ ഉണ്ടാകുക.
ഡൽഹി, മുംബൈ, ബാംഗ്ലൂർ വഴി നാട്ടിലെത്താൻ മാർഗമുണ്ടെങ്കിലും ക്വാറന്റീൻ വ്യവസ്ഥകളിലെ അവ്യക്തതയും ട്രാൻസിറ്റ് വിമാനങ്ങൾ ലഭിക്കാനുള്ള കാലതാമസവും യുകെ മലയാളികളെ യാത്ര മാറ്റിവക്കാൻ പ്രേരിപ്പിക്കുന്നു. രാജ്യത്തെ ഒമ്പത് നഗരങ്ങളിൽനിന്നായിരുന്നു ബ്രിട്ടീഷ് വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ വന്ദേഭാരത് സർവീസ് നടത്തിയിരുന്നത്. ഇതിൽ ആഴ്ചയിൽ ഏഴു സർവീസ് നടത്തിയിരുന്ന ഡൽഹിയും നാല് സർവീസ് നടത്തിയിരുന്ന മുംബൈയും കഴിഞ്ഞാൽ ഏറ്റവും അധികം സർവീസ് കൊച്ചിയിൽ നിന്നും ആയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല