ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഞായറാഴ്ച സണ്ണി പത്തനംതിട്ടയുടെ അധ്യക്ഷതയില്‍ റുത്തര്ഗ്ലൂനില് ചേര്‍ന്ന അനുശോചനയോഗത്തില്‍ ടിപി വധത്തെ മലയാളി കൗണ്‍സില്‍ അപലപിച്ചു. ‘മതരാഷ്ട്രീയ കൊലപാതകത്തില്‍ സാഹിത്യ സാംസ്കാരിക നായകന്മാരുടെ പങ്ക്’ എന്ന വിഷയത്തില്‍ സംവാദവും നടന്നു.
ഗള്‍ഫ് നാടുകളില്‍നിന്നു പണം ധാരാളമായി ഒഴുകാന്‍ തുടങ്ങിയ കാലം മുതലാണ് കേരളത്തില്‍ മതരാഷ്ട്രീയ വാദികളുടെ വളര്‍ച്ച ആരംഭിക്കുന്നത്. അന്നു മുതല്‍ സമൂഹത്തിന്റെ എല്ലാ കോണുകളിലും പ്യൂണ്‍ മുതല്‍ പ്രധാനമന്ത്രി വരെ അഴിമതി, കൈക്കൂലി, കൊലപാതകം, കൊള്ള, പെണ്‍വാണിഭം, വാടകഗുണ്ടകള്‍, മാഫിയ സംഘങ്ങള്‍ അങ്ങനെ എണ്ണിയാല്‍ തീരാത്തവണ്ണം തഴച്ചുവളര്‍ന്നു. ഇതിന്റെ ഉത്തരവാദികള്‍ ആരാണ്? ഭരണഘടന മൂല്യങ്ങളെ കാറ്റില്‍ പറത്തുന്നതു ആരാണ്? ഭരണഘടന ഉറപ്പു നല്കുന്ന ഒരു പൗരന്റെ ജീവിത സംരക്ഷണത്തിനു കോടാലി വയ്ക്കുന്നതാരാണ്? ഇതിനൊക്കെ ഉത്തരം പറയേണ്ടത് ഭരണാധികാരികളാണ്.
ഒരു മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങളോ പരസ്പരം വിഴുപ്പലക്കലോ അല്ല ആവശ്യം മറിച്ച് കുറ്റവാളികളെ തുറങ്കലിലടയ്ക്കുകയാണ് വേണ്ടത്. മതരാഷ്ട്രീയത്തിലെ വന്‍സ്രാവുകള്‍ പരല്‍മീനുകളായ യുവതലമുറയെ ക്രിമിനലുകളായി വളര്‍ത്തുന്നത് സമൂഹത്തിനു എന്നും ആപത്ത് തന്നെയാണ്. കോടതികള്‍ കുറ്റവാളികളെ ശിക്ഷിച്ച് ജയിലിലടയ്ക്കുമ്പോള്‍ അധികാരികള്‍ അവര്‍ക്കു കുടപിടിയ്ക്കുന്നതു വിരോധാഭാസമാണ്. ഇതിനെയാണോ നാം ജനാധിപത്യമെന്ന് വിളിക്കുന്നത്? ഈ മൃഗീയ കൊലപാതകത്തോടു കവികളും സാംസ്കരിക നായകന്മാരും പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. അവാര്‍ഡുകളും പദവികളും നോക്കാത്തവര്‍ പ്രതികരിക്കും. അവര്‍ക്ക് മതരാഷ്ട്രീയ സ്തുതിപാഠകരായി തീരാന്‍ കഴിയില്ല. മറ്റൊന്ന് സാഹിത്യകാരന് പ്രതികരിക്കുന്നത് സ്വന്തം സൃഷ്ടിയിലൂടെയാണ് അല്ലാതെ മൈതാനപ്രസംഗം നടത്തിയില്ല. യോഗത്തില്‍ അവറാന് അമ്പലപ്പറമ്പില്‍, സണ്ണി പത്തനംതിട്ട, ഷാജി കൊറ്റനാട്, രാജീവ് കെ, കോശി തോമസ്, മിസിസ് ബ്ലെസി എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല