സ്വന്തം ലേഖകന്‍: വാല്‍തംസ്‌റ്റോയില്‍ ഭാര്യയും മക്കളും മരിച്ച നിലയില്‍ കാണപ്പെട്ടതിനു ശേഷം അപ്രത്യക്ഷനായ ഗൃഹനാഥന്‍ രതീഷ് കുമാറിന്റെ മൃതദേഹവും കണ്ടെത്തി. ഇന്നു രാവിലെയാണ് വാല്‍തംസ്‌റ്റോയില്‍ തടാകത്തോട് ചേര്‍ന്ന് കാട്ടില്‍ രതീഷ് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ര്‍തീഷിന്റെ ഭാര്യ ഷിഘിയേയും പതിമൂന്നു വയസുള്ള ഇരട്ടക്കുട്ടികളായ നേഹ, നിയ എന്നിവരേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് രതീഷ് കുമാര്‍ ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷനാകുകയായിരുന്നു.
അതിനു തൊട്ടു തലേന്ന്, തിങ്കളാഴ്ച രതീഷ് കുമാര്‍ താന്‍ ജോലി ചെയ്യുന്ന നേഴ്‌സിങ് ഹോമില്‍ ജോലിക്ക് ഹാജരായിരുന്നുല്ല. ഞായറാഴ്ചക്ക് ശേഷം രതീഷ് കുമാറിന്റെ വീട്ടില്‍ നിന്നും ആരെയും പുറത്തു കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിച്ചതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
തുടര്‍ന്ന് തിങ്കളാഴ്ച രാത്രിതന്നെ പോലീസ് എത്തിയെങ്കിലും വീട്ടില്‍ പ്രശ്‌നങ്ങളൊന്നും ഉള്ളതായി തോന്നാത്തതിനാല്‍ തിരിച്ചു പോയി. ചൊവ്വാഴ്ച വീണ്ടും എത്തിയ പോലീസ് വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് രതീഷിന്റെ ഭാര്യ ഷിഘിയേയും ഇരട്ടക്കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തില്‍ മുറിവുകളോ പാടുകളോ ഒന്നും കാണാതിരുന്നതിനാല്‍ ആത്മഹത്യയാണ് എന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ രതീഷ് അപ്രത്യക്ഷനായതോടെ ഊഹാപോഹങ്ങളും പരക്കാന്‍ തുടങ്ങി. തുടര്‍ന്ന് രതീഷിനു വേണ്ടി നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ വാതംസ്‌റ്റോയില്‍ തടാകത്തിനു സമീപം രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയതിനു ശേഷം രതീഷ് ആത്മഹത്യ ചെയ്തതാകാമെന്നുള്ള നിഗമനത്തിലാണിപ്പോള്‍ പോലീസ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് രതീഷ് ഇത്തരമൊരു കടുംകൈക്ക് മുതിര്‍ന്നതെന്നും സൂചനയുണ്ട്. എന്നാന്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.
കൊല്ലപ്പെട്ട കുടുംബത്തിന്റെ നാട്ടിലുള്ള ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. ഇവരുടെ അടുത്ത ബന്ധുക്കള്‍ യുകെ യില്‍ താമസമുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹങ്ങള്‍ ഔദ്യോഗികമായി അടുത്ത ബന്ധുക്കള്‍ തിരിച്ചറിയേണ്ടതുണ്ട് എന്നതിനാലാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല