1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2024

സ്വന്തം ലേഖകൻ: ലണ്ടനിലെ ഹാക്ക്നിയിലെ റസ്റ്ററന്റിൽ വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടി മാതാപിതാക്കളുടെ ശബ്ദത്തോട് പ്രതികരിക്കുകയും കൈകൾ അനക്കുകയും ചെയ്‌തതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് കുട്ടി വിധേയയായിരുന്നു.

പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിലും, അക്രമത്തിന് പിന്നിൽ ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണെന്നും റസ്റ്ററന്റിൽ ഉണ്ടായിരുന്ന പെൺകുട്ടിക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു എന്നുമാണ് പ്രാഥമിക നിഗമനം. ബർമിങ്ഹാമിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന എറണാകുളം പറവൂർ ഗോതുരുത്ത് ആനത്താഴത്ത് അജീഷ് – വിനയ ദമ്പതികളുടെ ഏകമകൾ ലിസേൽ മരിയ (10) മാതാപിതാക്കൾക്കൊപ്പം റസ്റ്ററന്റിൽ ഭക്ഷണം കഴിക്കുമ്പോഴാണ് അക്രമം ഉണ്ടായത്.

തലയ്ക്ക്‌ പിന്നിൽ വെടിയേറ്റ കുട്ടി ഇപ്പോഴും ലണ്ടനിലെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിൽ തുടരുകയാണ്. ഡ്യുക്കാറ്റി മോട്ടർ ബൈക്കിൽ എത്തിയ അക്രമി മറ്റു മൂന്ന് പേർക്ക് നേരെ വെടിവെച്ചതിനിടെ കുട്ടിക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു എന്നാണ് കരുതുന്നത്. തുർക്കി വംശജരായ മൂന്ന് പേർക്ക് നേരെയാണ് ആക്രമി വെടിയുതിർത്തത്. യുകെ സമയം ബുധനാഴ്ച രാത്രി 9.20 ന് പെൺകുട്ടി ഉൾപ്പെടെയുള്ളവർക്ക് നേരെ നിറയൊഴിച്ച് രക്ഷപ്പെട്ട അക്രമികളെ ഇതുവരെയും പിടികൂടാനാകാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ലണ്ടനിൽ നടന്ന വെടിവെപ്പ് വൻ വാർത്താ പ്രാധാന്യത്തോടെ രാജ്യാന്തര മാധ്യമങ്ങൾ വാർത്തയാക്കിയിട്ടുണ്ട്.

പെൺകുട്ടിക്ക് കേരളത്തിലെ ബന്ധുക്കളുമായി അടുപ്പം ഉണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ കേരളത്തിലുള്ള മുത്തശ്ശനെയും മുത്തശ്ശിയേയും കുട്ടി വിളിക്കുമായിരുന്നു എന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ അക്രമികൾ ഓടിച്ചിരുന്നതെന്ന് കരുതുന്ന ബൈക്കിന്റെ ചിത്രം മെട്രോപൊലീറ്റൻ പൊലീസ് പുറത്തുവിട്ടു.

സംഭവത്തിൽ പരുക്കേറ്റ തുർക്കി വംശജരായ മൂന്ന് പേരിൽ ഒരാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി പൊലീസ് പറഞ്ഞു. 2021 ൽ വെംബ്ലിയിൽ നിന്നും മോഷണം പോയ ഡുക്കാറ്റി മോൺസ്റ്ററാണ് വെടിവെപ്പിന് ഉപയോഗിച്ച മോട്ടർ ബൈക്കെന്ന് പൊലീസ് പറഞ്ഞു. DP21OXY എന്ന റജിസ്ട്രേഷൻ പ്ലേറ്റ് ആണ് ബൈക്കിന് ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ചവരെ സംബന്ധിച്ച് വിവരങ്ങൾ അറിയാവുന്നവർ വിവരങ്ങൾ കൈമാറണമെന്നും മെട്രോപോലീറ്റൻ പൊലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.