സ്വന്തം ലേഖകൻ: ലണ്ടനിലെ ഹാക്കനിയില്‍ വെടിവെപ്പില്‍ പരിക്കേറ്റ പത്തുവയസുള്ള മലയാളി ബാലികയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. എറണാകുളം പറവൂര്‍ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് അജീഷ്- വിനയ ദമ്പതികളുടെ മകള്‍ ലിസേല്‍ മരിയയാണ് ജീവനായി പൊരുതുന്നത്.
കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റയത്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. റസ്റ്റോറന്റിലുണ്ടായ വെടിവെപ്പില്‍ ലക്ഷ്യം തെറ്റിയാണ് കുട്ടിക്ക് വെടിയേറ്റതെന്നാണ് വിവരം. ബൈക്കില്‍ എത്തിയ അക്രമിയാണ് വെടിയുതിര്‍ത്തത്.
ഡല്‍സ്റ്റണിലെ കിങ്സ്ലന്‍ഡ് ഹൈസ്ട്രീറ്റിലെ റസ്റ്റോറന്റില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു കുട്ടി. ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. 26, 37, 42 വയസ്സുള്ള യുവാക്കളാണ് പരിക്കേറ്റ മറ്റുള്ളവര്‍. അക്രമി റെസ്റ്റോറന്റിന് നേരെ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.
കിംഗ്‌സ്ലാന്‍ഡ് ഹൈ സ്ട്രീറ്റിലുള്ള എവിന്‍സിന് സമീപത്തേക്ക് അക്രമി വരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃശ്യം മെയില്‍ ഓണ്‍ലൈന്‍ ആണ് പുറത്തു വിട്ടിരിക്കുന്നത്. റെസ്റ്റോറന്റിന് അടുത്തെത്തിയ അക്രമി, നിറത്തോക്ക് പുറത്തെടുത്ത്, അകത്ത് ഭക്ഷണം കഴിച്ചിരിക്കുന്നവരെ ലക്ഷ്യമാക്കി ആറു തവണ വെടിയുതിര്‍ക്കുന്നതും ദൃശ്യത്തില്‍ കാണാം.
കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ ഈ പെണ്‍കുട്ടി ഇരുന്ന മേശയുടെ മുന്നിലായിരുന്നു അക്രമി ഉന്നം വെച്ച മൂന്നു പേരും ഇരുന്നിരുന്നത്. വെടിയൊച്ച കേട്ട് ഭക്ഷണം കഴിക്കാനെത്തിയവരില്‍ ഏറെയും പേര്‍ മേശകള്‍ക്ക് അടിയിലേക്ക് കയറി. തീര്‍ത്തും ഭയപ്പെടുത്തുന്ന അനുഭവം എന്നാണ് അവരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞത്..
സംഭവസമയത്ത് പരിസരത്ത് ഉണ്ടായിരുന്നവരോട് തങ്ങള്‍ക്കറിയാവുന്ന വിവരങ്ങള്‍ പങ്കുവെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വീണ്ടെടുക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ രാപ്പകല്‍ അധ്വാനിക്കുക ആണെന്നാണ് ലഭ്യമാകുന്ന വിവരം. ലണ്ടനിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ട പ്രസിദ്ധമായ ആശുപത്രിയിലാണ് കുട്ടിക്ക് വിദഗ്ധ ചികിത്സ നല്‍കുന്നത്.
കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്തുക്കളും മറ്റും ചികിത്സാ പുരോഗതി അറിയാനും മാതാപിതാക്കളെ സമാശ്വസിപ്പിക്കാനും ഉള്ള ശ്രമത്തിലാണ്. അനേകം മലയാളി ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്ള ആശുപത്രി ആയതിനാല്‍ കുഞ്ഞിന്റെ രോഗനിലയെ കുറിച്ച് ഉത്കണ്ഠാകുലരായ ആളുകള്‍ ബന്ധപ്പെടുന്നത് നിരുത്സാഹപ്പെടുത്താന്‍ ആണ് ആശുപത്രിയുടെ പേര് പോലും വാര്‍ത്തയില്‍ നിന്നും ഒഴിവാക്കുന്നത്. കുഞ്ഞിനെ പ്രവേശിപ്പിച്ച ആശുപത്രിയിലും പോലീസ് കാവലുണ്ട്.
മലയാളി കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ എത്തിച്ച ഹാക്നി വെടിവയ്പ്പ് ആ നഗര പ്രദേശത്തിന് പുതുമയുള്ള സംഭവമല്ല. മലയാളികളും മറ്റും കഴിവതും ആ പ്രദേശത്തു വൈകുന്നേരമായാല്‍ ഷോപ്പിങ്ങും മറ്റും ഒഴിവാക്കുകയാണ് പതിവെന്ന് തൊട്ടടുത്ത മലയാളി സാന്നിധ്യം ഏറെയുള്ള ഈസ്റ്റ് ഹാമില്‍ താമസിക്കുന്നവര്‍ പറയുന്നു.
പതിമൂന്നു വര്‍ഷം മുന്‍പ് ഇപ്പോള്‍ പരുക്കേറ്റ കുട്ടിയുടെ സമാന പ്രായമുള്ള മറ്റൊരു കുഞ്ഞു ഗുണ്ടാ സംഘങ്ങളുടെ വെടിയേറ്റ് കൊലപ്പെട്ടതോടെയാണ് ഹാക്നിക്ക് കുപ്രസിദ്ധി കൈവന്നത്. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ മാത്രം അരഡസനോളം ആളുകള്‍ ഇവിടെ തോക്കിന് ഇരയായിട്ടുണ്ട്.
നേരത്തെ സാധാരണക്കാരായ ആളുകള്‍ താമസിച്ചിരുന്ന ഇവിടെ അടുത്തകാലത്തായി ഒട്ടേറെ ധനികര്‍ എത്തിയിട്ടുണ്ട്. ഇതോടെ വീട് വിലയും ഉയര്‍ന്നു. എന്നാല്‍ ഇതുമൂലം കുറ്റകൃത്യങ്ങള്‍ കുറഞ്ഞേക്കും എന്ന ധാരണ അട്ടിമറിച്ചു ഗുണ്ടാ സംഘങ്ങള്‍ കൂടുതല്‍ സജീവമായിരിക്കുകയാണ്. ഇന്നലെ ഉണ്ടായ വെടിവയ്പ്പില്‍ നിസ്സഹായയായ ഒരു കുട്ടിക്ക് ജീവന്മരണ പോരാട്ടം നടത്തുന്ന വിധത്തില്‍ ആശുപത്രിയില്‍ കഴിയുന്ന അവസ്ഥ ഉണ്ടായതിനെ അതിരൂക്ഷമായാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല