1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2017

സ്വന്തം ലേഖകന്‍: ലണ്ടന്‍ മെട്രോ സ്റ്റേഷനില്‍ പൊട്ടിത്തെറിച്ചത് ആണികള്‍ നിറച്ച ബക്കറ്റ് ബോംബ്, ഒഴിവായത് വന്‍ ദുരന്തമെന്ന് പോലീസ്, പ്രതികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ച്തായി റിപ്പോര്‍ട്ടുകള്‍. പശ്ചിമ ലണ്ടനിലെ തിരക്കേറിയ പാര്‍സന്‍സ് ഗ്രീന്‍ സ്റ്റേഷനില്‍ ഭൂഗര്‍ഭ ട്രെയിനില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ ഉപയോഗിച്ചത് ഭീകരസംഘടനകള്‍ തയാറാക്കുന്ന സ്‌ഫോടക വസ്തുക്കളുമായി പല സമാനതകളുമുള്ള ബക്കറ്റ് ബോംബ് ആണെന്നാണ് പ്രാഥമിക നിഗമനം.

തിരക്കേറിയ സ്റ്റേഷനില്‍ ലണ്ടന്‍ സമയം രാവിലെ 8.20 നാണ് യാത്രക്കാരെ ഭയചകിതരാക്കി സ്‌ഫോടനം നടന്നത്. ഈ വര്‍ഷം ബ്രിട്ടനിലുണ്ടായ അഞ്ചാമത്തെ ഭീകരാക്രമണമാണിത്. സ്‌ഫോടനത്തെത്തുടര്‍ന്നുള്ള അഗ്‌നിബാധയില്‍ ഏറെപ്പേര്‍ക്കും മുഖത്താണു പൊള്ളലേറ്റത്. തിക്കിലും തിരക്കിലും പെട്ടും ചിലര്‍ക്കു പരുക്കേറ്റു. ട്രെയിനിന്റെ വാതിലിനോടു ചേര്‍ന്നു സൂപ്പര്‍മാര്‍ക്കറ്റ് ബാഗില്‍വച്ച ബക്കറ്റില്‍നിന്ന് തീജ്വാലകള്‍ പുറത്തേക്കു വരുന്നതു കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. നഗരത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

2005 ജൂലൈ ഏഴിന് ബ്രിട്ടണിലുണ്ടായ ഭീകരാക്രമണത്തില്‍ ഉപയോഗിച്ച ബോംബുകളേക്കാള്‍ മാരകമായ ഒന്നാണ് ഇത്തവണ ഉപയോഗിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ബോംബ് ഡിറ്റണേറ്റ് ചെയ്യുന്നതിലുണ്ടായ പിഴവാണ് വന്‍ദുരന്തം ഒഴിവാക്കിയത്. ഇന്നേവരെ കാണാത്ത രീതിയില്‍, ബോംബില്‍ ഘട്ടം ഘട്ടമായി സ്‌ഫോടനം നടത്താനുള്ള ടൈമര്‍ സംവിധാനം ഒരുക്കിയിരിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഭീകരന്‍ ബോംബ് ട്രെയിനില്‍ ഉപേക്ഷിച്ച ശേഷം കടന്നുകളയാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

തിരക്കേറിയ സ്റ്റേഷനില്‍ എത്തുമ്പോള്‍ പൊട്ടിത്തെറിക്കും വിധമായിരുന്നു ടൈമര്‍ സെറ്റ് ചെയ്തിരുന്നതും. ബക്കറ്റ് നിറയെ ആണികളായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനു പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. സംഭവത്തില്‍ നിര്‍ണായക അറസ്റ്റുണ്ടായി എന്ന് അന്വേഷണ സംഘം വെളിപ്പെടുത്തുകയും ചെയ്തു. ബോംബ് സ്ഥാപിച്ച ഭീകരന്റെ ചിത്രം സിസിടിവിയില്‍ നിന്നു ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് ലണ്ടന്‍ നഗരത്തില്‍ കനത്ത പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.