സ്വന്തം ലേഖകന്‍: ലണ്ടന്‍ മെട്രോയിലെ പൊട്ടിത്തെറി, പ്രതികള്‍ക്കായി പോലീസ് വിരിച്ച വലയില്‍ കുടുങ്ങിയത് മൂന്നു പേര്‍, ആക്രമണത്തിനു പിന്നിന്‍ വന്‍ ആസൂത്രണമെന്ന് പോലീസ്. പാര്‍സണ്‍സ് ഗ്രീന്‍ ഭൂഗര്‍ഭ മെട്രോ റെയില്‍ സ്റ്റേഷനിലെ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്കൂടി കഴിഞ്ഞ ദിവസം പിടിയിലായതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
ലണ്ടനിലെ ന്യൂപോര്‍ട്ടിനു സമീപം നടത്തിയ തെരച്ചിലിലാണ് 25കാരനായ യുവാവ് പിടിയിലായത്. ഭീകരവിരുദ്ധ സ്‌ക്വാഡ് ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ടു ദിവസമായി ഈ മേഖലയില്‍ വല വിരിച്ചിരിക്കുകയായിരുന്നു. നേരത്തെ, മറ്റ് രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ ഹന്‍സ്‌ലോയില്‍നിന്ന് ഇരുപത്തിയൊന്നുകാരായ യുവാവിനെ സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ തീവ്രവാദവിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരും പതിനെട്ടുകാരനെ പോലീസും ആണ് അറസ്റ്റ് ചെയ്തിരുന്നത്.
ഇരുവരെയും സൗത്ത് ലണ്ടന്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരുന്നതിനിടെയാണ് മൂന്നാമന്‍ പിടിയിലാകുന്നത്. സുരക്ഷാ കാരണങ്ങളാല്‍ അന്വേഷണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. ഭീകരാക്രമണത്തിനു പിന്നില്‍ ഒന്നിലേറെപ്പേര്‍ ഉണ്ടെന്നു വ്യക്തമായെന്ന് നേരത്തേ, ആഭ്യന്തര സെക്രട്ടറി ആംബര്‍ റഡ് പറഞ്ഞിരുന്നു. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സബ്വേയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല