സ്വന്തം ലേഖകന്‍: അന്തരീക്ഷ മലിനീകരണത്തില്‍ മറ്റു യൂറോപ്യന്‍ നഗരങ്ങളെ കടത്തിവെട്ടി ലണ്ടന്‍, മലിനീകരണം കഴിഞ്ഞ വര്‍ഷം മാത്രം കവര്‍ന്നത് അര ലക്ഷത്തോളം ജീവനുകള്‍. ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഈ സാഹചര്യമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്ന ദേശീയ പാര്‍ട്ടിയായ ഗ്രീന്‍ പാര്‍ട്ടി നേതാക്കളും മുന്നറിയിപ്പു നല്‍കുന്നു.
മലിനവായുവും മനുഷ്യനിര്‍മിതമായ വിഷവസ്തുക്കളുടെ സാന്നിധ്യവും വരുത്തിവയ്ക്കുന്ന രോഗങ്ങള്‍ മൂലമാണ് ബ്രിട്ടനില്‍ കഴിഞ്ഞവര്‍ഷം അമ്പതിനായിരം പേരോളം മരിച്ചതെന്നാണ് ഇതുസംബന്ധിച്ച ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷകരുടെ പഠനം വ്യക്തമാക്കുന്നത്. ലോകത്തൊട്ടാകെ 90 ലക്ഷം പേരാണ് അന്തരീക്ഷമലിനീകരണം മൂലമുള്ള രോഗങ്ങള്‍ക്ക് അടിമപ്പെട്ട് കഴിഞ്ഞ വര്‍ഷം മരിച്ചതെന്നും പഠനം വ്യക്തമാക്കുന്നു.
വാഹനങ്ങളും ഫാക്ടറികളും പുറംതള്ളുന്ന മലിനവാതകങ്ങളാണ് അന്തരീക്ഷമലിനീകരണത്തില്‍ മുഖ്യ പങ്കുവഹിക്കുന്നത്. ഓരോ വര്‍ഷവും അറുപത്തഞ്ചു ലക്ഷത്തോളം പേര്‍ മലിനീകരണത്തിന്റെ ഇരകളായി ജീവന്‍ വെടിയുന്നു. ബ്രിട്ടനിലെ ആകെ മരണങ്ങളില്‍ 8.39 ശതമാനവും അന്തരീക്ഷ മലിനീകരണം മൂലമാണെന്നാണ് കണക്ക്. ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, ഡെന്മാര്‍ക്ക്, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ വികസിത രാജ്യങ്ങളേക്കാള്‍ കൂടുതലാണിത്.
ലണ്ടനിലെ വ്യവസായ ശാലകളും വാഹനങ്ങളുമാണ് വായു മലിനീകരണത്തില്‍ പ്രധാന സംഭാവന നല്‍കുന്നത്. മുന്നറിയിപ്പുകളെ തുടര്‍ന്ന് അടുത്തയാഴ്ച മുതല്‍ ലണ്ടന്‍ നഗരത്തിലോടുന്ന പഴയ വാഹനങ്ങള്‍ക്ക് നിലവിലുള്ള കണ്‍ജക്ഷന്‍ ചാര്‍ജിനു പുറമേ ദിവസേന പത്തു പൗണ്ടു വീതം അധിക സര്‍ചാര്‍ജ് ചുമത്തുമെന്ന് മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല