1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2023

സ്വന്തം ലേഖകൻ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ലണ്ടനിൽ നടന്ന ഐക്യദാർഢ്യ റാലിയിൽ അണിനിരന്നത് പതിനായിരങ്ങൾ. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കുക, ആശുപത്രികൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, പലസ്തീനെ സ്വതന്ത്രമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളോടെയായിരുന്നു മാർച്ച്.

മൂന്ന് ലക്ഷത്തോളം പേർ റാലിയിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. മുൻ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായ ജെറമി കോർബിൻ റാലിയിൽ അണിചേർന്നു. ഗാസയിൽ എത്രയും വേഗം വെടിനിർത്തൽ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ ലണ്ടനിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെയും ഹമാസ് അനുഭാവികളുടെയും പ്രകടനത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളെ രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രധാന മന്ത്രി ഋഷി സുനക്. ഇസ്രയേല്‍-ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ യുകെ റാലിയില്‍ ഏകദേശം 300,000 പാലസ്തീന്‍ അനുകൂല പ്രതിഷേധക്കാരാണ് അണിചേര്‍ന്നത്. ലണ്ടനിലെ യുദ്ധ സ്മാരകമായ സെനോറ്റാഫിലും ചൈനാ ടൗണിലും പോലീസും പ്രകടനക്കാരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും ചെയ്തു.

രാജ്യത്തിന്റെ സമാധാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ശക്തമായി നേരിടുമെന്ന് ഋഷി സുനക് പറഞ്ഞു. 103 വര്‍ഷം പഴക്കമുള്ള യുദ്ധസ്മാരകമായ സെനോറ്റാഫ് സ്ഥിതി ചെയ്യുന്ന വൈറ്റ്ഹാളിലേക്ക് എംബാങ്ക്‌മെന്റിലൂടെ പതാകകള്‍ വഹിച്ച് നീങ്ങിയ ജനക്കൂട്ടത്തെ തടയാന്‍ പോലീസ് ശ്രമിച്ചപ്പോഴാണ് ആദ്യ സംഘര്‍ഷം ഉടലെടുത്തത്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്ന ചില എതിര്‍-പ്രതിഷേധകരില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ ആക്രമണം നേരിട്ടതായി പോലീസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.