സ്വന്തം ലേഖകൻ: പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ നൂതനവിദ്യയുമായി ലണ്ടൻ വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൗണ്‍സില്‍. മൂത്രമൊഴിച്ചാല്‍ തിരിച്ചൊഴിക്കുന്ന മതിലുകളാണ് ഇവിടുത്തെ പ്രത്യേകത. ഇത്തരത്തിൽ പ്രതികരണ ശേഷിയുള്ള മതിലുകൾ സെന്‍ട്രല്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററിലുള്ള സോഹോയിലാണ് ഉള്ളത്.
നിരന്തരം മൂത്രമൊഴിക്കപ്പെടുന്ന മതിലുകൾ പ്രത്യേകതരം പെയിന്റ് ഉപയോഗിച്ച് പ്രതികരണ ശേഷിയുള്ളതാക്കി മാറ്റിയിട്ടുണ്ട്. വിനോദ കേന്ദ്രങ്ങളിലെ പാർട്ടി കഴിഞ്ഞു മദ്യപിച്ചു മടങ്ങുന്നവര്‍ പലരും സോഹോയിലെ മതിലുകളിൽ മൂത്രമൊഴിക്കുക പതിവാണ്. ഇത് അവസാനിപ്പിക്കുകയാണ് ലണ്ടൻ വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റെ ലക്ഷ്യം. മതിലുകളിൽ സുതാര്യമായ ഒരു പ്രതലമുള്ളതാണ് ഇങ്ങനെ മൂത്രം തിരിച്ചുവരാന്‍ കാരണം. ഇത്തരത്തിലുള്ള ജലപ്രതിരോധ പ്രതലത്തിലേക്ക് ഏതു തരത്തിലുള്ള വെള്ളം പതിച്ചാലും തിരികെവരും.
നിരന്തരമായ പരാതിയെ തുടര്‍ന്നാണു വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൗണ്‍സില്‍ ഈ പുതിയ രീതി പരീക്ഷിച്ചത്. ഇവിടെ ഇക്കാര്യം അറിയിക്കുന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി വന്‍ വിജയമാണെന്ന് കൗൺസിൽ അധികൃതർ പറയുന്നു.
ബാറുകളും റസ്റ്ററന്റുകളും തീയറ്ററുകളുമൊക്കെയുള്ള ഒരു വിനോദ കേന്ദ്രമാണു സോഹോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല