സ്വന്തം ലേഖകന്‍: ലണ്ടനില്‍ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടികളെ ജിഹാദി സേനയില്‍ ചേര്‍ക്കാന്‍ ശ്രമിച്ച അധ്യാപകന്‍ കുറ്റക്കാരന്‍. ഉമര്‍ ഹഖ് എന്ന 25 കാരനാണ് ഇസ്‌ലാമിക് സ്റ്റേറ്റ് അനുഭാവിയാണെന്നു കുറ്റസമ്മതം നടത്തിയത്. യോഗ്യതകളില്ലാതിരുന്നിട്ടും ഇസ്‌ലാമിക് സ്റ്റഡീസ് പഠിപ്പിക്കാനായി ലണ്ടനിലെ ഒരു സ്‌കൂളില്‍ കടന്നുകൂടിയ ഇയാള്‍ 11 മുതല്‍ 16 വരെ പ്രായമുള്ള വിദ്യാര്‍ഥികളെയാണ് തന്റെ ‘സേന’യിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചത്.
ബന്ദിയാക്കിയവരുടെ തലവെട്ടുന്നതിന്റെയും ഭീകരരുടെ മറ്റു ക്രൂര പ്രവൃത്തികളുടെയും വിഡിയോ ഉള്‍പ്പെടെ കുട്ടികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ഉമറിന്റെ ‘ക്ലാസ്’. ഇതിനെപ്പറ്റി പുറത്തുപറഞ്ഞാല്‍ വിഡിയോയില്‍ കണ്ടതു പോലെത്തന്നെ കുട്ടികളുടെ ജീവിതം അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ലണ്ടനിലെ പ്രശസ്തമായ ബിഗ് ബെന്‍ ടവറില്‍ ഉള്‍പ്പെടെ കുട്ടികളെ ഉപയോഗിച്ച് ഭീകരാക്രമണത്തിന് ഇയാള്‍ പദ്ധതിയിട്ടിരുന്നു. ഇതിനു വേണ്ടിയുള്ള പരിശീലനവും നല്‍കി.
നേരത്തേ നടന്ന ഭീകരാക്രമണങ്ങള്‍ അഭിനയിച്ചു കാണിക്കാന്‍ കുട്ടികള്‍ക്കു നിര്‍ദേശം നല്‍കിയായിരുന്നു പരിശീലനം. പൊലീസിനെ എങ്ങനെ ആക്രമിക്കണമെന്നും പരിശീലിപ്പിച്ചു. ശരീരം ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമമുറകളും ഇയാള്‍ കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. കിഴക്കന്‍ ലണ്ടനിലെ ഒരു സ്‌കൂളിലും മദ്രസയിലുമായി 110 കുട്ടികളെയാണ് ഇത്തരത്തില്‍ പരിശീലിപ്പിച്ചത്. ഇവരില്‍ 35 പേര്‍ ഇപ്പോള്‍ വിവിധ കൗണ്‍സലിങ്ങുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക സേവന പരിപാടികളില്‍ ഉള്‍പ്പെടെ ഇവരെ പങ്കാളിയാക്കിയാണ് ‘ഭീകര പരിശീലന കാലം’ മനസ്സില്‍ നിന്നു മായ്ച്ചു കളയുന്നത്.
ആറു കുട്ടികള്‍ ഹഖിനെതിരെ കോടതിയില്‍ മൊഴി നല്‍കി. തങ്ങള്‍ക്ക് എന്തെല്ലാം പരിശീലനം നല്‍കിയെന്ന വിവരം ഉള്‍പ്പെടെ കുട്ടികള്‍ കോടതിയോടു വ്യക്തമാക്കി. ബിഗ് ബെന്‍ ടവര്‍ കൂടാതെ ക്വീന്‍സ് ഗാര്‍ഡ്‌സിലെ അംഗങ്ങളെയും വന്‍ ഷോപ്പിങ് സെന്ററുകളും മാധ്യമസ്ഥാപനങ്ങളും ബാങ്കുകളും ആക്രമിക്കാനും ഹഖിന് പദ്ധതിയുണ്ടായിരുന്നു. ഇതിനു വേണ്ടിയാണ് കുട്ടികള്‍ക്കു പരിശീലനം നല്‍കിയത്.
ഓണ്‍ലൈന്‍ വഴിയാണ് ഹഖ് ഭീകരവാദത്തിലേക്ക് ആകൃഷ്ടനായതെന്നാണു വിവരം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ബ്രിജില്‍ നടന്ന ഭീകരാക്രമണവും പ്രചോദനമായി. ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാറിടിച്ചു കയറ്റി നാലു പേരെ കൊലപ്പെടുത്തിയ ഖാലിദ് മസൂദ് എന്ന ഭീകരന്‍ ഒരു പൊലീസുകാരനെയും അന്ന് കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതേ മാതൃകയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറും തോക്കുമായി സമാനമായ ആക്രമണം നടത്താനും ഹഖിനു പദ്ധതിയുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല