സ്വന്തം ലേഖകൻ: ലണ്ടനിലെ അള്‍ട്രാ ലോ എമിഷന്‍ സോണ്‍ വ്യാപിപ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധം കനക്കുന്നു. ശനിയാഴ്ച നിരവധി പ്രതിഷേധക്കാരാണ് ഇതിനെതിരെ റോഡിലിറങ്ങി ഗതാഗതം സ്തംഭിപ്പിച്ചിരിക്കുന്നത്. പത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് സോണ്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് നിലവില്‍ വന്നാല്‍ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് പാലിക്കാത്ത വാഹനങ്ങള്‍ ഔട്ടര്‍ ലണ്ടനിലൂടെ സഞ്ചരിച്ചാലും 12.50 പൗണ്ട് ദിവസവും ഫീസായി നല്‍കേണ്ടി വരും.
ഇതിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് നിരവധി പേര്‍ റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുന്നത്. അള്‍ട്രാ ലോ എമിഷന്‍ സോണ്‍ വ്യാപിപ്പിക്കാനുള്ള അധികൃതരുടെ തീരുമാനം കുറച്ച് കാലമായി വന്‍ വിമര്‍ശനത്തിനും പ്രതിഷേധങ്ങള്‍ക്കുമാണ് വഴിയൊരുക്കിയിരിക്കുന്നത്. പുതിയ നീക്കത്തിന്റെ ഭാഗമായി ലണ്ടന്‍ ബറോകളിലെ ഗതാഗതം സ്തംഭിപ്പിച്ചാണ് നിരവധി പേര്‍ റോഡുകളില്‍ തടിച്ച് കൂടിയത്.
ഇതിന്റെ ഭാഗമായി സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഓര്‍പിംഗ്ടണ്‍ വാര്‍ മെമ്മോറിയയിലെ റൗണ്ട് എബൗട്ടില്‍ ട്രാക്ടറുകളും ടാക്‌സിയും ത്രീ വീല്‍ കാറും ഇട്ട് തടസ്സം സൃഷ്ടിച്ചാണ് പ്രതിഷേധക്കാര്‍ ഗതാഗതം തടസപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ പ്രതിഷേധം കൊഴുപ്പിക്കുന്നതിനായി ഇവര്‍ മെഗാഫോണുകളിലൂടെയും വിസില്‍ മുഴക്കിയും ശബ്ദമുണ്ടാക്കുകയും ചെയ്തിരുന്നു. പുതിയ പരിഷ്‌കാരം നിലവില്‍വരുന്നതോടെ തങ്ങളുടെ കാറുകള്‍ മാറ്റി വാങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നും ഇതിന് 40,000 പൗണ്ട് വരെ കണ്ടെത്തേണ്ടി വരുമെന്നുമാണ് ഓര്‍പിംഗ്ടണില്‍ പ്രതിഷേധത്തിനിറങ്ങിയ ചിലര്‍ ആശങ്കപ്പെടുന്നത്.
ലണ്ടനിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനായി അള്‍ട്രാ ലോ എമിഷന്‍ സോണ്‍ വ്യാപിപ്പിക്കാനുള്ള തീരുമാനം നന്നായി ആലോചിച്ച് മാത്രമേ എടുക്കാവൂ എന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രി ഋഷി നക് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് കടുത്ത മുന്നറിയിപ്പേകിയിരുന്നു. വായു മലിനീകരണം തടയാന്‍ നഗരങ്ങള്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുന്നതായിരിക്കും നല്ലതെന്ന നിര്‍ദേശവുമായി തിങ്കളാഴ്ച ലേബര്‍ നേതാവ് സര്‍ കീര്‍ സ്ടാര്‍മറും രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ തീരുമാനവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സാദിഖ് ഖാന്റെ നീക്കമെന്നത് കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല