സ്വന്തം ലേഖകൻ: കോവിഡ് വിട്ടുമാറിയതിനു പിന്നാലെ മറ്റുപല രോഗലക്ഷണങ്ങളും വിടാതെ പിന്തുടരുന്നതായി പലരും അനുഭവം പങ്കുവെക്കാറുണ്ട്. ദീര്‍ഘകാല കോവിഡ് അല്ലെങ്കില്‍ ലോങ് കോവിഡ് എന്നാണ് ഇതറിയപ്പെടുന്നത്. രുചിയും മണവും നഷ്ടപ്പെടുന്നതും അമിതക്ഷീണവും തലവേദനയുമൊക്കെ ദീർഘകാല കോവിഡിന്റെ ലക്ഷണങ്ങളായി കണ്ടെത്തിയിരുന്നു.
മസ്തിഷ്‌കം, ചിന്തകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ആശയക്കുഴപ്പവും മന്ദതയും വരുന്ന ബ്രെയിന്‍ ഫോഗ് എന്ന അവസ്ഥ നേരിടുന്നതിനെക്കുറിച്ചും പലരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഫേസ് ബ്ലൈൻഡ്നസ് അഥവാ prosopagnosia എന്ന അവസ്ഥയും ദീർഘകാല കോവിഡ് ബാധിച്ചവരിൽ കണ്ടെത്തുന്നുവെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്.
മുഖം തിരിച്ചറിയാൻ കഴിയാത്ത ന്യൂറോളജിക്കൽ ഡിസോർഡറാണ് ഫേസ് ബ്ലൈൻഡ്നസ്. മുഖങ്ങൾ തിരിച്ചറിയാൻ കഴിയാത്തതിനൊപ്പം സ്ഥലങ്ങൾ തിരിച്ചറിയാൻ കഴിയാത്ത പ്രശ്നവും ഇക്കൂട്ടർ നേരിടുന്നുണ്ട്. കോർട്ടെക്സ് ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ ഡാർമൗത് കോളേജിലെ ഗവേഷകർ ഉൾപ്പെടെയാണ് പഠനത്തിൽ പങ്കെടുത്തത്.
2020 മാർച്ചിൽ കോവിഡ് ബാധിതയായ ആനി എന്ന ഇരുപത്തിയെട്ടുകാരിയെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. കോവിഡ് ബാധിക്കുന്നതിന് മുമ്പുവരെ ആനിക്ക് മുഖങ്ങൾ തിരിച്ചറിയുന്നതിലും മറ്റും യാതൊരു പ്രശ്നവും നേരിട്ടിരുന്നില്ല. എന്നാൽ വൈറസ് ബാധിച്ച് രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും തന്റെ അടുത്ത കുടുംബാംഗങ്ങളെപ്പോലും ആനിക്ക് തിരിച്ചറിയാന് കഴിയാതായി.
ഒരിക്കൽ റെസ്റ്ററന്റിൽ വച്ച് സ്വന്തം അച്ഛനെ കണ്ടപ്പോൾ പോലും തനിക്ക് തിരിച്ചറിയാൻ കഴിയാതായി എന്ന് ആനി പറയുന്നു. അച്ഛന്റെ ശബ്ദം തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും മുഖം അപരിചിതന്റേതു പോലെ അനുഭവപ്പെടുകയായിരുന്നെന്ന് ആനി പറഞ്ഞു. ഇപ്പോഴും ആളുകളെ തിരിച്ചറിയാൻ പൂർണമായും താൻ ശബ്ദത്തെയാണ് ആശ്രയിക്കുന്നതെന്നും ആനി വ്യക്തമാക്കി.
കോവിഡിനു പിന്നാലെ സ്ഥലങ്ങൾ തിരിച്ചറിയാനുള്ള പ്രശ്നവും താൻ നേരിടുന്നതായി ആനി ഗവേഷകരോട് പറഞ്ഞു. നിരന്തരം താൻ സന്ദർശിക്കുന്ന സ്ഥലങ്ങൾ പോലും തിരിച്ചറിയാൻ തനിക്ക് കഴിയുന്നില്ലെന്നും ആനി പറഞ്ഞു. ദീർഘകാല കോവിഡുമായി കഴിയുന്ന 54 പേരിൽ പേരിൽ നിന്ന് വിവരശേഖരിക്കുകയും ചെയ്തിട്ടുണ്ട് സംഘം. ഭൂരിഭാഗം പേരും ആനിയുടേതിന് സമാനമായ പ്രശ്നങ്ങൾ നേരിടുന്നതായി ഗവേഷകർ വ്യക്തമാക്കി.
ദീർഘകാല കോവിഡ് ബാധിച്ച പലരിലും മസ്തിഷ്കത്തിന് തകരാർ സംഭവിക്കുന്നത് ഉൾപ്പെടെ പല ന്യൂറോസൈക്കോളജിക്കൽ തകരാറുകളും നേരിടുന്നതായി ഗവേഷകർ വ്യക്തമാക്കി. ഉയർന്ന തോതിലുള്ള കാഴ്ചവൈകല്യങ്ങളും ലോങ് കോവിഡ് ബാധിതരിൽ സാധാരണമാണെന്ന് കണ്ടെത്തി. ഇതുസംന്ധിച്ച കൂടുതൽ വ്യക്തതയ്ക്ക് ആഴത്തിലുള്ള പഠനങ്ങൾ തുടർന്നും വരേണ്ടതുണ്ടെന്നും ഗവേഷകർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല