സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ റയില്‍വേ തുരങ്കം സ്വിറ്റ്‌സര്‍ലന്‍ഡില്‍, നീളം 57 കിലോമീറ്റര്‍.ലോകത്തിലെ ഏറ്റവും നീളമുള്ളതെന്ന ഖ്യാതിയുമായി ഗതാഗതത്തിനു തുറന്നു കൊടുത്ത ഗോഥാര്‍ഡ് ടണല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിനെയും ഇറ്റലിയിലെ മിലാനെയും ബന്ധിപ്പിക്കുന്നതാണ്. 57 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗോഥാര്‍ഡ് ടണല്‍ യാഥാര്‍ഥ്യമായതോടെ യൂറോപ്പിന്റെ ചരക്കുനീക്കത്തില്‍ വിപ്ലവകരമായ മാറ്റംമുണ്ടാകുമെന്ന് സ്വിസ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ജല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്‍ഡേ, ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി, ഓസ്ട്രിയന്‍ ചാന്‍സലര്‍ ക്രിസ്റ്റയന്‍ കേണ്‍, യൂറോപ്യന്‍ കമ്മിഷന്‍ ചീഫ് ജീന്‍ ക്ലൗഡ് ജങ്കര്‍, സ്വിസ് ഫ്രഡറല്‍ പ്രസിഡന്റ് ജോണ്‍ സ്‌നൈഡര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ടണലിന്റെ ഉദ്ഘാടനം. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായിരുന്നു ടണലിലൂടെയുള്ള ആദ്യ ട്രെയിനില്‍ യാത്രചെയ്യാന്‍ അവസരമുണ്ടായിരുന്നത്.
2,500 തൊഴിലാളികള്‍ 20 വര്‍ഷം കൊണ്ടാണ് തുരങ്കം പൂര്‍ത്തിയാക്കിയത്.
നിര്‍മാണത്തിനിടയില്‍ ഒന്‍പതു ജോലിക്കാര്‍ക്കു ജീവഹാനിയുണ്ടായി. ലോകത്തിലെ ഏറ്റവും നീളമേറിയതും ആഴത്തിലുള്ളതുമായ റെയില്‍വേ തുരങ്കമെന്ന ഖ്യാതിയും ഇനി ഗോഥാര്‍ഡ് ടണലിനു സ്വന്തം. ആല്‍പ്‌സ് പര്‍വതനിരയുടെ മുകളില്‍നിന്ന് 2,000 മീറ്റര്‍ താഴെക്കൂടിയാണ് തുരങ്കം കടന്നുപോകുന്നത്.
ജപ്പാനിലെ 53.9 കിലോമീറ്റര്‍ നീളമുള്ള സെയ്കാന്‍ തുരങ്കത്തെയാണ് നീളത്തിന്റെ കാര്യത്തില്‍ ഗോഥാര്‍ഡ് മറികടന്നത്. നേരത്തേ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചാനല്‍ ടണല്‍ ഇതോടെ മൂന്നാമതായി. ഇംഗ്ലണ്ടിനെയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന ചാനല്‍ ടണലിന് 50.5 കിലോമീറ്റര്‍ നീളമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല