സ്വന്തം ലേഖകൻ: ലോസ് ആഞ്ജലിസില്‍ വീണ്ടും കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. ലോസ് ആഞ്ജലിസിന് വടക്ക് ഭാഗത്ത് ബുധനാഴ്ച പുതിയ കാട്ടുതീ രൂപപ്പെട്ടു. ഇതോടെ പതിനായിരക്കണക്കിന് ആളുകളോട് പ്രദേശത്ത് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാസ്റ്റൈക് തടാകത്തിന് സമീപമുള്ള കുന്നിന്‍ പ്രദേശത്ത് നിന്ന് തുടങ്ങിയ കാട്ടുതീ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരത്തോളം ഏക്കറിലധികം വീസ്തൃതിയിലേക്ക് അതിവേഗം പടര്‍ന്നു. ലോസ് ആഞ്ജലിസില്‍ വന്‍ നാശത്തിന് കാരണമായ കാട്ടുതീയ്ക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ കാട്ടുതീ പടരുന്നത്.
ബുധനാഴ്ച രാവിലെയാണ് പുതിയ തീപ്പിടിത്തം ഉണ്ടായതെന്നാണ് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചത്. ഏതാണ്ട് 9,400 ഏക്കര്‍ ഭൂമി കത്തിനശിച്ചു. ശക്തമായ കാറ്റും വരണ്ടകാലവസ്ഥയും തീ കൂടുതല്‍ വ്യാപിപ്പിക്കാന്‍ കാരണമായി. പ്രദേശത്ത് വീശിയടിച്ച അതിശക്തമായ കാറ്റ് ഇത് കൂടുതല്‍ പടരുമെന്ന ആശങ്കയ്ക്ക് കാരണമായി. ലോസ് ആഞ്ജലിസിന് ഏകദേശം 56 കിലോമീറ്റര്‍ വടക്ക്, സാന്താ ക്ലാരിറ്റ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന തടാകത്തിന് ചുറ്റുമുള്ള 31,000 ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടു.
നേരത്തെ, ശക്തമായ കാറ്റും അങ്ങേയറ്റം വരണ്ട കാലാവസ്ഥയും കാരണം ജനുവരി ഏഴിനാണ് ലോസ് ആഞ്ജലിസില്‍ കാട്ടുതീ ഉണ്ടായതും പടര്‍ന്നുപിടിച്ചതും. തീപ്പിടിത്തം വ്യാപകമായ നാശത്തിനാണ് കാരണമായത്. 23,448 ഏക്കര്‍ ഭൂമി കത്തിനശിച്ചു. നിരവധി ജീവനുകള്‍ നഷ്ടമായി, വീടുകള്‍ കത്തിയമർന്നു. ലക്ഷക്കണക്കിന് ആളുകളെയാണ് മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. ഹോളിവുഡ് നടന്മാരായ ലൈറ്റണ്‍ മീസ്റ്റര്‍, ആദം ബ്രോഡി, ബില്ലി ക്രിസ്റ്റല്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള വീടുകളടക്കം 1,000-ത്തിലധികം കെട്ടിടങ്ങളാണ് കത്തിനശിച്ചത്.
മറ്റൊരു വലിയ തീപ്പിടിത്തമുണ്ടായത് ഈറ്റണിലാണ്. ലോസ് ആഞ്ജലിസ് ഡൗണ്‍ടൌണിന് വടക്കുള്ള വനപ്രദേശങ്ങളില്‍ ആരംഭിച്ച് 14,000-ലധികം ഏക്കറില്‍ ഇത് വ്യാപിച്ചു. 5,000ലധികം കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. നാല് പേര്‍ മരിക്കുകയും ചെയ്തു. 14,021 ഏക്കര്‍ കത്തിനശിച്ചതിന് ശേഷം ഈറ്റണ്‍ തീപിടുത്തം 91 ശതമാനം നിയന്ത്രണത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല