സ്വന്തം ലേഖകൻ: കഴിഞ്ഞ 15 വര്‍ഷക്കാലത്തെ ഏറ്റവും തണുപ്പേറിയ രാതിയായിരുന്നു ബ്രിട്ടനില്‍ കഴിഞ്ഞുപോയത്. വെള്ളിയാഴ്ച രാത്രി ഹൈലാന്‍ഡ്‌സിലെ ഏറ്റവും വടക്കെയറ്റത്തുള്ള അല്‍റ്റ്‌നഹരയില്‍ രേഖപ്പെടുത്തിയത് മൈനസ് 18.7 ഡിഗ്രി സെല്‍ഷ്യസ്. 2010ന് ശേഷം ബ്രിട്ടന്‍ കാണുന്ന ഏറ്റവും തണുപ്പേറിയ രാത്രിയായിരുന്നു അത്. അന്ന് ബ്രിട്ടന്റെ പല ഭാഗങ്ങളിലും താപനില മൈനസ് 15 ഡിഗ്രി വരെ താഴ്ന്നപ്പോള്‍ അല്‍റ്റ്‌നഹരയില്‍ രേഖപ്പെടുത്തിയത് മൈനസ് 22.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.
യുകെയുടെ മിക്ക ഭാഗങ്ങളിലും താപനില പൂജ്യം ഡിഗ്രിക്ക് താഴെ പോയ ദിവസം കൂടിയായിരുന്നു അത്. ഷാപ്, കംബ്രിയ എന്നിവിടങ്ങളില്‍ മൈനസ് 15 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ ഹീത്രൂവില്‍ രേഖപ്പെടുത്തിയത് മൈനസ് അഞ്ചു ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. വര്‍ഷത്തില്‍ ഈ സമയത്തെ ശരാശരി കുറഞ്ഞ താപനില സ്‌കോട്ട്‌ലാന്‍ഡില്‍ 0.3 ഡിഗ്രിയും ഇംഗ്ലണ്ടില്‍ 1.5 മുതല്‍ 1.6 ഡിഗ്രി സെല്‍ഷ്യസും ആണെന്നത് ഓര്‍ക്കണം.ഏറ്റവും അവസാനമായി ബ്രിട്ടനിലെ താപനില മൈനസ് 20 ഡിഗ്രിക്ക് താഴെ പോയത് 2021 ഫെബ്രുവരി 11ന് ആയിരുന്നു. അന്ന് അബര്‍ഡീന്‍ഷയറിലെ ബ്രേമറില്‍ രേഖപ്പെടുത്തിയത് മൈനസ് 23 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.
അത്, 1995 ഡിസംബര്‍ 30ന് ശേഷമുള്ള ബ്രിട്ടനിലെ ഏറ്റവും തണുപ്പേറിയ ദിനം കൂടിയായിരുന്നു. അല്‍റ്റ്‌നഹരയില്‍ 1995 ഡിസംബര്‍ 30ന് രേഖപ്പെടുത്തിയത് മൈനസ് 27.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. സമാനമായ താപനില 1982 ജനുവരി 10ന് അല്‍റ്റ്‌നഹാരയിലും രേഖപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടില്‍ മുഴുവനായും പ്രഖ്യാപിച്ചിരുന്ന കോള്‍ഡ് ഹെല്‍ത്ത് അലര്‍ട്ട് യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സി വരുന്ന ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ട്. ആംബര്‍ അലര്‍ട്ടുകള്‍ ജനുവരി 14 വരെ നീട്ടി. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നവര്‍ എന്നിവര്‍ക്കിടയില്‍ മരണസംഖ്യ വര്‍ദ്ധിക്കുവാനും സാധ്യതയുണ്ടെന്ന് ഏജന്‍സി നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.
ഇന്നലെയും കടുത്ത തണുപ്പില്‍ വലഞ്ഞ ബ്രിട്ടന് തെല്ലൊരു ആശ്വാസമായി ഇന്ന് മുതല്‍ അന്തരീക്ഷ താപനിലയില്‍ ചെറിയൊരു വര്‍ദ്ധനവ് പ്രതീക്ഷിക്കാം എന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. എന്നാല്‍, ഞായറാഴ്ച രാത്രിയോടെ വീണ്ടും താപനില താഴുവാനുള്ള സാധ്യത തള്ളിക്കളയാനും ആകില്ല എന്നും അവര്‍ പറയുന്നു. അടുത്തയാഴ്ചയും താപനിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെങ്കിലും, അത് ശരാശരി താപനിലയ്ക്ക് മേല്‍ പോകില്ല എന്നും മെറ്റ് ഓഫീസ് പറയുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അനുഭവിച്ച തണുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ നേരിയ ആശ്വാസം ഉണ്ടാകുമെന്ന് മാത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല