അമിത വണ്ണമുള്ള കുട്ടികളില്‍ വൈറ്റമിന്‍ ഡിയുടെ കുറവ് ടൈപ്പ് ടു ഡയബറ്റിക്‌സ് ഉണ്ടാകാന്‍ കാരണമാവുന്നതായി പഠനങ്ങള്‍. ടെക്‌സാസ് സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ 498 കുട്ടികളില്‍ നടത്തിയ പഠനത്തിലാണീ കണ്ടെത്തല്‍. ആറു വയസ്സിനും പതിനാറു വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ അമിത വണ്ണമുളള 411 കുട്ടികളിലെയും സാധാരണ വണ്ണമുളള 87 കുട്ടികളിലെയും വൈറ്റമിന്‍ ഡിയുടെ അളവ് സംബന്ധിച്ച് നടത്തിയ പഠനത്തിലാണീ കണ്ടെത്തല്‍.
പഠനം നടത്തിയ കുട്ടികളുടെ രക്തത്തിലെ ഷുഗറിന്റെ അളവും ഇന്‍സുലിന്റെ ലെവലും പ്രഷറും ബോഡി മാക്‌സ് ഇന്‍ഡക്‌സും പരിശോധിച്ചിരുന്നു. ഇവ കൂടാതെ ഇതിനു കാരണമാകുന്നതെന്തെന്നു മനസ്സിലാക്കാന്‍ കുട്ടികളുടെ ആഹാര ശീലവും പഠന വിധേയമാക്കിയിരുന്നു. ഇതില്‍ നിന്നു മനസ്സിലാക്കാന്‍ സാധിച്ചത് അമിത വണ്ണമുള്ള കുട്ടികളില്‍ സോഫ്റ്റ് ഡ്രിങ്ക്‌സിന്റെ ഉപയോഗം കൂടുതലാണെന്നും അനാരോഗ്യകരമായ ഭക്ഷണശീലം ശീലമാക്കിയവരും പ്രഭാത ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്നവരുമാണെന്നായിരുന്നു.
ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ അളവ് കുറയ്ക്കാന്‍ പ്രധാന കാരണങ്ങളിലൊന്നാണീ ആഹാരശീലം. ഇതിനാല്‍ തന്നെ ടെപ്പ് ടു ഡയബറ്റിക്‌സ് ഉണ്ടാകുന്നതിന് വൈറ്റമിന്‍ ഡിയുടെ കുറവ് ഒരു പ്രധാന കാരണമാണെന്ന് പറയാമെങ്കിലും പ്രധാനമായ കാരണമെന്തെന്ന് ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് പഠനം നടത്തിയവര്‍ പറയുന്നു.
അമിത വണ്ണമുള്ള കുട്ടികളില്‍ വൈറ്റമിന്‍ ഡിയുടെ അളവ് കുറയുന്നതും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കൂടുന്നതുമാണ് ടൈപ്പ് ടു ഡയബറ്റിക്‌സ് ഈ കുട്ടികളില്‍ കൂടാന്‍ കാരണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മൈക്ക് ഓള്‍സണ്‍ പറഞ്ഞു. വൈറ്റമിന്‍ ഡിയുടെ അളവ് ടൈപ്പ് ടു ഡയബറ്റിക്‌സുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലയെന്നും എന്നാല്‍ ടൈപ്പ് ടു ഡയബറ്റിക്‌സ് ഉണ്ടാകാന്‍ പ്രധാന കാരണമായി വൈറ്റമിന്‍ ഡിയുടെ കുറവിനെ കാണാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വൈറ്റമിന്‍ ഡി ശരീരത്തിലുണ്ടാകുന്നതിനുള്ള പ്രധാന സ്രോതസ്സ് സൂര്യ പ്രകാശമാണ്. ഇതു കൂടാതെ ട്യൂണ, സാള്‍മണ്‍, മക്കിറല്‍ എന്നീ മത്സ്യങ്ങളും മുട്ടയും പാലും വൈറ്റമിന്‍ ഡിയുടെ സ്രോതസ്സുകളാണ്. എന്നാല്‍ നാം സ്വീകരിച്ചിരിക്കുന്ന ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങള്‍ കൂടുതലും ഇവയില്‍ നിന്നും അകലുന്ന രീതിയിലുള്ളതാണ്. വൈറ്റമിന്‍ ഡിയുടെ അളവ് കുറയാന്‍ കാരണങ്ങള്‍ ഇവയാണെന്നും ശരിയായ രീതിയിലുള്ള ആഹാര ശീലങ്ങളും ജീവിതചര്യകളും ശീലിക്കാന്‍ സാധിച്ചാല്‍ ഇത്തരം രോഗങ്ങളില്‍ നിന്നുമകന്നു നില്‍ക്കാന്‍ സാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല