സ്വന്തം ലേഖകൻ: എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന് ജീവിച്ചിരിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് തമിഴ് സംഘടന. തമിഴ് നാഷണല്‍ മൂവ്മെന്റ് (ടി.എന്‍.എം.) നേതാവ് പി. നെടുമാരന് ആണ് വേലുപ്പിള്ള പ്രഭാകരന് കൊല്ലപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഉചിതമായ സമയത്ത് പ്രഭാകരന് വെളിയില്‍വരുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ് പുലികളെന്നറിയപ്പെടുന്ന എല്‍.ടി.ടി.ഇയുടെ തലവനായ വേലുപ്പിള്ള പ്രഭാകരന് കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്ന് അവകാശപ്പെട്ട നെടുമാരന്, അദ്ദേഹം ആരോഗ്യവാനായി ഇക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, പ്രഭാകരന് നിലവില്‍ എവിടെയാണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ല. കുടുംബത്തിന്റെ അനുമതിയോടെയാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ശ്രീലങ്കയില്‍ നടക്കുന്ന നിലവിലെ പ്രതിഷേധങ്ങള്‍ പ്രഭാകരന് പുറത്തുവരാനുള്ള അനുയോജ്യമായ സമയമാണ്. ഉചിതമായ സമയത്ത് പുറത്തുവരുന്ന പ്രഭാകരന് തമിഴ് ഈഴം സ്ഥാപിക്കാനുള്ള തന്റെ വിശദമായ പദ്ധതികളെക്കുറിച്ച് സംസാരിക്കുമെന്നും നെടുമാരന് പറഞ്ഞു.
2009 മേയിലാണ് പ്രഭാകരനെ വധിച്ചുവെന്ന് ശ്രീലങ്കന്‍ സൈന്യം അവകാശപ്പെട്ടത്. ശ്രീലങ്കയില്‍ പ്രത്യേക രാജ്യം ആവശ്യപ്പെട്ട തമിഴ് പുലികള്‍ക്കെതിരേയും അവരെ അനുകൂലിക്കുന്നവര്‍ക്ക് എതിരേയും ശ്രീലങ്ക വ്യാപക സൈനിക നടപടി സ്വീകരിച്ചിരുന്നു. ഇതിനൊടുവിലാണ് പ്രഭാകരന് കൊല്ലപ്പെട്ടുവെന്ന് ശ്രീലങ്കന്‍ സൈന്യം അവകാശപ്പെട്ടത്. സൈനിക നടപടി വംശഹത്യയാണെന്നും അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്സെയെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വിചാരണയ്ക്ക് വിധേയനാക്കണമെമെന്നും നെടുമാരന് ആവശ്യപ്പെട്ടു.
അതിനിടെ, നെടുമാരന്റെ അവകാശവാദത്തെ സാധൂകരിക്കുന്ന പ്രസ്താവനയുമായി ശ്രീലങ്കന്‍ മുന്‍ മന്ത്രി എം.പി. ശിവാജിലിംഗം രംഗത്തെത്തി. തിരിച്ചറിഞ്ഞ മൃതദേഹം പ്രഭാകരന്റേതാണെന്ന് തെളിയക്കപ്പെട്ടിട്ടില്ലെന്ന് ശിവാജിലിംഗം പറഞ്ഞു. പ്രഭാകരന് ജീവിച്ചിരിക്കുന്നു എന്ന അവകാശവാദം നെടുമാരന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ ശിവലിംഗം, അത് തള്ളിക്കളയാന്‍ കഴിയില്ലെന്നും സത്യമാണെങ്കില്‍ ലോകത്ത് എല്ലായിടത്തുമുള്ള തമിഴന്മാര് സന്തോഷവാന്മാരായിരിക്കുമെന്നും പറഞ്ഞു. തമിഴ് ഈഴം സ്ഥാപിക്കാനുള്ള സാഹചര്യം ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല