സ്വന്തം ലേഖകന്‍: ആരാധകരെ ആകാംക്ഷയിലാഴ്ത്തി ലൂസിഫര്‍ ഒരുങ്ങുന്നു, ചിത്രം അടുത്ത വര്‍ഷമെന്ന് സംവിധായകന്‍ പ്രിത്വിരാജും നായകന്‍ മോഹന്‍ലാലും. മുരളി ഗോപി തിരക്കഥയെഴുതി പൃഥിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍ അടുത്ത വര്‍ഷം ചിത്രീകരിച്ച് റിലീസ് ചെയ്യാനാണ് പദ്ധതിയെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. മോഹന്‍ലാല്‍, പൃഥിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്‍ഷം മേയ്! മാസം ചിത്രീകരണം തുടങ്ങുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. അധികം വൈകാതെ റിലീസും നടക്കും.
സിനിമയെ സംബന്ധിക്കുന്ന അധികം വിവരങ്ങള്‍ പുറത്തുപറയാന്‍ പ്രിത്വിരാജും മോഹന്‍ലാലും തയാറായില്ല. മോഹന്‍ലാല്‍ ലൂസിഫറിലുണ്ടെന്ന് മാത്രമാണ് പൃഥിരാജ് പറഞ്ഞത്. ലൂസിഫര്‍ തിരക്കഥയായിട്ടില്ല. ഒരു അടിസ്ഥാന കഥയാണ് ഇപ്പോഴുള്ളതെന്ന് പൃഥിരാജും മുരളി ഗോപിയും പറഞ്ഞു. പൂര്‍ണമായതിന് ശേഷം മാത്രമേ അഭിനേതാക്കളെ തീരുമാനിക്കൂ. ചിത്രത്തിന്റെ നായകനായ മോഹന്‍ലാലിനെക്കാണാന്‍ സംവിധായകന്‍ എത്തി എന്നതുമാത്രമാണ് ഇന്നത്തെ ചടങ്ങിന്റെ പ്രത്യേകതയെന്നും പൃഥിരാജ് പറഞ്ഞു.
ചിത്രത്തില്‍ അഭിനയിക്കുമോയെന്ന ചോദ്യത്തിന് പൃഥിരാജ് കൃത്യമായ ഉത്തരം നല്‍കിയില്ല. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞ് ചെയ്യേണ്ടതായ വേഷമുണ്ടെന്ന് തോന്നിയാല്‍ ചിലപ്പോള്‍ അഭിനയിച്ചേക്കുമെന്നായിരുന്നു മറുപടി. ചിത്രം ആവശ്യപ്പെടുന്ന രീതിയിലുള്ള ബജറ്റ് ആണ് കണക്കാക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ആരാധകര്‍ക്ക് വേണ്ടിയുള്ള സിനിമയെന്നതിനേക്കാള്‍ കാമ്പുള്ള സിനിമായാകും ലൂസിഫര്‍ എന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജും മുരളി ഗോപിയും എന്നതിപ്പുറം ഈ പ്രൊജക്ടിലേക്ക് ആകര്‍ഷിച്ച ഘടകം എന്താണെന്ന ചോദ്യത്തിന് എനിക്ക് നന്നായി അഭിനയിക്കാനാകുമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ലൂസിഫര്‍ എന്ന ആശയത്തേക്കാളുപരി പൃഥ്വിരാജിന്റെയും മുരളി ഗോപിയുടെയും കൂടെ ജോലി ചെയ്യുന്നതാണ് തന്നെ അതിശയിപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം തിരുവോണദിനത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടത് മുതല്‍ പ്രേക്ഷശ്രദ്ധയിലുള്ള പ്രോജക്ടാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല