സ്വന്തം ലേഖകൻ: റിഫോം പാര്‍ട്ടിയെ പിന്തുണച്ചതിന് ഒരു ടോറി എം പി പുറത്താക്കപ്പെട്ടത് ഋഷി സുനകിന് വലിയൊരു തിരിച്ചടി ആയിരിക്കുകയാണ്. ടെല്‍ഫോര്‍ഡ് മണ്ഡലത്തിലെ, റിഫോം യു കെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ അലന് ആഡംസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ലൂസി അല്ലന് വിമത നീക്കം നടത്തിയത്. തനിക്ക് വര്‍ഷങ്ങളായി അലന് ആഡംസിനെ അറിയാമെന്നും ടെല്‍ഫോര്‍ഡിന്റെ അടുത്ത എം പിയാകാന്‍ എന്തുകൊണ്ടും യോഗ്യനാണെന്നും പറഞ്ഞ ലൂസി, അലന് പിന്തുണ നല്‍കാനായിട്ടാണ് താന്‍ കണസര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതെന്നും പറയുന്നു.
ടെല്‍ഫോര്‍ഡിന് ഒരു മികച്ച എം പിയെ ലഭിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ഒരു എളുപ്പ വിജയം സാധ്യമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ തുടര്‍ന്നു. 2019 ല്‍ ലൂസി അല്ലന് 10,941 വോട്ടുകള്‍ക്കായിരുന്നു ഇവിടെ നിന്നും ജയിച്ചത്. അധികാരത്തിനോ സ്ഥാനമാനങ്ങള്‍ക്കോ ആയിട്ടല്ല അല്ലന് ആഡംസ് മത്സരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി മാനിക്കപ്പെടേണ്ടതാണെന്നും ലൂസി അലന് കൂട്ടിച്ചേര്‍ത്തു. ടെല്ഫോര്ഡിനോട് അദ്ദേഹം നീതി പുലര്‍ത്തുമെന്ന് ഉറപ്പുണ്ടെന്നും, എന്നും ടെല്‍ഫോര്‍ഡിന് പ്രഥമ പരിഗണന നല്‍കുമെന്നും അവര്‍ പറഞ്ഞു.
അതേസമയം, ലൂസി അല്ലനെ, ഉടനടി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വക്താവ് അറിയിച്ചു. ടെല്‍ഫോര്‍ഡിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ പുതിയൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചിരിക്കുകയാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, റിഫോം പാര്‍ട്ടിക്ക് ലഭിക്കുന്ന ഓരോ വോട്ടും കീര്‍ സ്റ്റാര്‍മര്‍ക്ക് ലഭിക്കുന്ന വോട്ടാണെന്നും വക്താവ് ഓര്‍മ്മിപ്പിച്ചു.
ലൂസി അല്ലെന് പിന്തുണ പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്ന് റിഫോം പാര്‍ട്ടി വക്താവ് അറിയിച്ചു. പരമ്പരാഗതമായ മധ്യവലതു മൂല്യങ്ങളാണ് റിഫോം പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന കാര്യം അവരെ പോലെ കൂടുതല്‍ കണ്‍സര്‍വേറ്റീവുകള്‍ മനസ്സിലാക്കി വരുന്നതായും വക്താവ് പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എന്നോ മറന്ന മുന്‍ഗണനാ ക്രമമാണ് ഇപ്പോള്‍ റിഫോം പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നതെന്നും വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല