സ്വന്തം ലേഖകൻ: നവജാത ശിശുക്കളെ കൊലപ്പെടുത്തിയതിന് ജയിലിൽ കഴിയുന്ന പരമ്പര കൊലയാളി നഴ്സ് ലൂസി ലെറ്റ്ബിക്ക് (34) സ്വന്തം സെല്ലിന്റെ താക്കോൽ നൽകിയതായി രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്. ലൂസിക്ക് ജയിൽ ജീവിതം ഒരു ഹോട്ടലിൽ കഴിയുന്നത് പോലെയാണ് ചുറ്റും കുറ്റവാളികളാണെന്ന് മാത്രമാണ് വ്യത്യാസമെന്ന ജയിലിനുള്ളിൽ താമസിക്കുന്ന മറ്റ് തടവുകാർ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയതിനും മറ്റ് ആറ് പേരെ കൊല്ലാൻ ശ്രമിച്ചതിനും പരോൾ ലഭിക്കാൻ സാധ്യതയില്ലാതെ ലൂസി ജയിലിലായിട്ട് അഞ്ച് മാസത്തിന് ശേഷമാണ് ഇത്തരം സംഭവമെന്നത് വിമർശനത്തിന് കാരണമായിട്ടുണ്ട്.
ലൂസിക്ക് സഹതടവുകാരിൽ നിന്ന് ഭീഷണി തോന്നുന്നുവെങ്കിൽ അവരിൽ രക്ഷപ്പെടാൻ സ്വയം സെൽ പൂട്ടാൻ ഇതിലൂടെ സാധിക്കും. ജയിലിലെ നല്ല പെരുമാറ്റത്തിനുള്ള പ്രതിഫലമായാണ് എ വിഭാഗത്തിലെ എച്ച്എംപി ബ്രോൺസ്ഫീൽഡിലെ താമസക്കാർക്ക് താക്കോൽ കൈമാറുന്നത്. ഇത് ലൂസി ലെറ്റ്ബിയുടെ ക്രൂരതയ്ക്ക് ഇരയായ കുട്ടികളുടെ മാതാപിതാക്കളിൽ നിന്നുള്ള എതിർപ്പിന് കാരണമായിട്ടുണ്ട്. ലൂസി ലെറ്റ്ബിയെ മുമ്പ് കൗണ്ടി ഡർഹാമിലെ ലോ ന്യൂട്ടൺ ജയിലിലാണ് പാർപ്പിച്ചിരുന്നത്. അവിടെ നിന്ന് എച്ച്എംപി ബ്രോൺസ്ഫീൽഡിലേക്ക് മാറ്റിയതോടെയാണ് പുതിയ ആനുകൂല്യങ്ങൾ പ്രതിക്ക് ലഭിച്ചതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ലൂസി ലെറ്റ്ബി മറ്റ് രണ്ട് കൊലയാളികളുമായി ജയിലിൽ സൗഹൃദം സ്ഥാപിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. 42 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ മിഷേൽ സ്മിത്തുമായും 16 വയസ്സുള്ള സ്കൂൾ വിദ്യാർഥിനി ബെക്കി വാട്ട്സിനെ കൊല്ലാൻ സഹായിച്ച ഷൗന ഹോറേയുമായും ലെറ്റ്ബി സൗഹൃദം സ്ഥാപിച്ചുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. മൂവരും ഒരുമിച്ച് ബോർഡ് ഗെയിമുകൾ കളിക്കുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുകയും സദാസമയവും ഒന്നിച്ച് ചെലവിടുന്നതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
ചെസ്റ്ററിലെ ലേബർ സിറ്റി എംപി സാമന്ത ഡിക്സൺ ജയിൽ മേധാവികളെ ലെറ്റ്ബിക്ക് സെല്ലിന്റെ താക്കോൽ നൽകാനുള്ള തീരുമാനത്തെ വിമർശിച്ചു. ഇത് ശരിയായ തീരുമാനമല്ലെന്ന് അവർ കൂട്ടിച്ചേർത്തു. അതേസമയം, ജയിൽ വക്താവ് ഞങ്ങളുടെ ചില പ്രധാന യൂണിറ്റുകളിലെ തടവുകാർക്ക് അവർ താമസിക്കുന്ന സെല്ലിന്റെ താക്കോൽ നൽകാറുണ്ടെന്നും അത് അവരുടെ സ്വകാര്യ വസ്തുക്കൾ സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണെന്നും വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല