ആദ്യ അവസരത്തില്‍ തന്നെ ടീമിനെ വിജയത്തിന്റെ കൊടുമുടിയില്‍ എത്തിച്ച ബാഴ്‌സലോണയുടെ പരിശീലകന്‍ ലൂയിസ് എന്ററിക്ക് ടീമില്‍ തന്നെ തുടരും. ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരി ബര്‍ട്ടോമിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എന്ററിക് ബാഴ്‌സയില്‍ തുടരാന്‍ തീരുമാനിച്ചത്. നേരത്തെ എന്ററിക്ക് ബാഴ്‌സയിലെ സേവനം അവസാനിപ്പിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം യുവന്റസിനെ തകര്‍ത്ത് ചാമ്പ്യന്‍സ് ലീഗ് കിരീടം കൂടി നേടിയതോടെ ഈ സീസണിലെ പ്രധാനപ്പെട്ട മൂന്ന് കിരീടങ്ങളും ബാഴ്‌സയ്ക്ക് നേടി കൊടുത്ത പരിശീലകനാണ് ലൂയിസ് എന്ററിക്ക്.
രണ്ട് വര്‍ഷത്തെ കരാറിലാണ് ലൂയിസ് എന്റിക് ബാഴ്‌സലോണയില്‍ എത്തിയത്. എന്നാല്‍ ഒരു വര്‍ഷമായപ്പോള്‍ തന്നെ ടീമില്‍നിന്ന് പിന്മാറാനുള്ള താല്‍പര്യം എന്ററിക് ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ബാഴ്‌സയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായ അന്‍ഡോണി സുബിസരേറ്റയെ പുറത്താക്കിയതിലുള്ള അമര്‍ഷമായിരുന്നു അകാലമായി ടീമിന്റെ പടിയിറങ്ങുന്നതിനെ കുറിച്ച് എന്ററിക്കയെകൊണ്ട് ചിന്തിപ്പിച്ചത്. കഴിഞ്ഞ ജനുവരിയില്‍ സുബിസരേറ്റയായിരുന്നു എന്ററിക്കിന്റെ നിയമനത്തില്‍ മുഖ്യ പങ്കു വഹിച്ചത്.
കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ശേഷം എന്ററിക്ക് നടത്തിയ പത്ര സമ്മേളനത്തില്‍ ടീമിലെ തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്നെല്ലാം അദ്ദേഹം ഉത്തരം പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഇപ്പോള്‍ എന്റെ ശ്രദ്ധ ആഘോഷത്തില്‍ മാത്രമാണെന്നായിരുന്നു എന്ററിക്കിന്റെ മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല