സ്വന്തം ലേഖകന്‍: റൊണാള്‍ഡോയും മെസിയുമല്ല; ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിന് പുതിയ അവകാശി; ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തില്‍ താരങ്ങളുടെ താരമായി ലൂക്കാ മോഡ്രിച്ച്. റൊണാള്‍ഡോയേയും സലായേയും പിന്തള്ളി ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ച് പുരസ്‌കാരം സ്വന്തമാക്കി. റഷ്യ ലോകകപ്പില്‍ ക്രൊയേഷ്യയ്ക്കു വേണ്ടിയും കഴിഞ്ഞ സീസണില്‍ റയല്‍ മഡ്രിഡിനായും പുറത്തെടുത്ത മികച്ച പ്രകടനമാണ് മൂപ്പത്തിമൂന്നുകാരനായ മോഡ്രിച്ചിനു തുണയായത്.
ഒരു ദശാബ്ദക്കാലമായി ലയണല്‍ മെസിയും റൊണാള്‍ഡോയും കയ്യടക്കി വെച്ചിരുന്ന ലോക ഫുട്‌ബോളര്‍ പുരസ്‌കാരമാണ് മോഡ്രിച്ച് ഇന്നലെ എത്തിപ്പിടിച്ചത്. ക്രിസ്റ്റ്യാനോയും മെസിയും ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തില്‍ മുമ്പ് അഞ്ചുവട്ടം മുത്തമിട്ടിരുന്നു. ലോകഫുട്‌ബോളര്‍ക്കുള്ള മൂന്നു പേരുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കാന്‍ ഇത്തവണ മെസിക്കു കഴിഞ്ഞിരുന്നില്ല. ആരാധകരുടെ വോട്ടന്റെയും ഫിഫ വിദഗ്ധ സമിതിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണു പുരസ്‌കാര നിര്‍ണയം.
‘നേട്ടം കൈവരിക്കാനായതില്‍ അഭിമാനമുണ്ട്. ഈ നേട്ടം എന്റേതു മാത്രമല്ല, റയല്‍ മഡ്രിഡ് ടീം അംഗങ്ങള്‍ക്കും ക്രൊയേഷ്യന്‍ ദേശിയ ടീമിനും എന്റെ പരിശീലകര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നു.കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും മുഹമ്മദ് സലായ്ക്കും അഭിനന്ദനങ്ങള്‍. അടുത്ത വട്ടം നിങ്ങള്‍ ഇതിനായി വീണ്ടും മത്സരിക്കുമെന്ന് എനിക്ക് ഉറപ്പാണ്,’ മോഡ്രിച്ച് പറഞ്ഞു.
മറ്റു പുരസ്‌കാരങ്ങള്‍
മികച്ച ഗോളിനുള്ള ‘പുഷ്‌കാസ്’ പുരസ്‌കാരം: മുഹമ്മദ് സലാ ( ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി 2017 സിംസംബര്‍ 10ന് എവര്‍ട്ടനെതിരെ നേടിയ ഗോള്‍)
മികച്ച ഗോള്‍കീപ്പര്‍: തിബോ കോര്‍ട്ടോ (ബല്‍ജിയം/ ചെല്‍സി ടീമുകള്‍ക്കായുള്ള പ്രകടനം)
മികച്ച പരിശീലകന്‍: ദിദിയെ ദെഷം (ഫ്രാന്‍സിന് 2018 ലോകകപ്പ് നേടിക്കൊടുത്ത പ്രകടനം)
വനിതാ താരം: മാര്‍ത്ത (ബ്രസീലിനായും ഓര്‍ലാന്‍ഡോ പ്രൈഡിനായും പുറത്തെടുത്ത പ്രകടനം)
വനിതാ പരിശീലക: റെയ്‌നാള്‍ഡ് പെഡ്രോസ് (ഫ്രഞ്ച് ക്ലബ് ലിയോണ്‍ വനിതാ ടീം പരിശീലക)
ഫാന്‍ പുരസ്‌കാരം: പെറു ആരാധകര്‍ (റഷ്യ ലോകകപ്പില്‍ രാജ്യത്തിനായി ആര്‍പ്പുവിളിക്കാനെത്തിയ 40,000 പെറു ആരാധകര്‍ക്കാണ് പുരസ്‌കാരം)
ലോക ഇലവന്‍: ഡി ഗിയ (ഗോള്‍കീപ്പര്‍), സാനി ആല്‍വ്‌സ്, റാഫേല്‍ വരാന്‍, സെര്‍ജിയോ റാമോസ്, മാര്‍സലോ, മോഡ്രിച്ച്, എംഗോളോ കാന്റെ, ഹസാഡ്, മെസ്സി, എംബപെ, ക്രിസ്റ്റ്യാനോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല