സ്വന്തം ലേഖകൻ: ലുലു ഗ്രൂപ്പിന്റെ തലസ്ഥാനത്തെ മാൾ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ മാൾ പൊതുജനങ്ങൾക്കായി തുറക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലുമാൾ എന്ന് അധികൃതർ പറഞ്ഞു. 2000 കോടി രൂപ നിക്ഷേപത്തിൽ ഏകദേശം 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ടെക്നോപാർക്കിനു സമീപം ആക്കുളത്ത് മാൾ പണികഴിപ്പിച്ചിരിക്കുന്നത്. രണ്ടു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിന്റെ മുഖ്യ ആകർഷണം.
ടെക്നോളജി ട്രെൻഡുകളുമായി ലുലുകണക്ട്, ലുലുഫാഷൻ സ്റ്റോർ, മലയാളികളുടെ വെഡ്ഡിങ് ഡെസ്റ്റിനേഷനായി മാറുന്ന ലുലു സെലിബ്രേറ്റ് എന്നിവയടക്കം ഷോപ്പിങിനു പുത്തൻ അനുഭവം നൽകുന്നതാണ് മാൾ. 200ൽപരം രാജ്യാന്തര ബ്രാൻഡുകളാണ് ലുലു മാളിലെ ഷോപ്പുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒരേസമയം 2500 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ടും സജ്ജമാണ്. കുട്ടികൾക്ക് വിനോദത്തിന്റെ ലോകമൊരുക്കി ഫൺട്യൂറ എന്ന എന്റർടൈൻമെന്റ് സെന്ററും മാളിൽ ഒരുക്കിയിട്ടുണ്ട്. 80,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഫൺട്യൂറ നിർമിച്ചിരിക്കുന്നത്.
പിവിആർ സിനിമാസ് ഒരുക്കുന്ന 12 സ്ക്രീൻ സൂപ്പർ പ്ലക്സ് തിയേറ്ററും സജ്ജമാകുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3500 ലധികം വാഹനങ്ങൾക്കു പാർക്കു ചെയ്യാവുന്ന എട്ടു നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിങ് സംവിധാനമാണ് മാളിലുള്ളത്. ഇതിൽ ബേസ്മെന്റിൽ മാത്രം 1000 വാഹനങ്ങൾക്കും, ഓപ്പൺ പാർക്കിങ് ഏരിയയിൽ 500 വാഹനങ്ങൾക്കും പാർക്കിങ് സൗകര്യമുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല