1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2023

സ്വന്തം ലേഖകൻ: ലണ്ടനിലെ ലുട്ടന്‍ എയര്‍പോര്‍ട്ടിലെ കാര്‍ പാര്‍ക്ക് ഏരിയയില്‍ വന്‍ അഗ്‌നിബാധയുണ്ടായതിനെ തുടര്‍ന്ന് എല്ലാ വിമാനങ്ങളും റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. ടെര്‍മിനല്‍ കാര്‍ പാര്‍ക്ക് 2 തീപിടിത്തത്തെ തുടര്‍ന്ന് കടുത്ത നാശത്തിന് വിധേയമായെന്ന് ബെഡ്ഫോര്‍ഡ് ഷെയര്‍ ഫയര്‍ സര്‍വീസസ് സ്ഥിരീകരിച്ചിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് 15 ഫയര്‍ എന്‍ജിനുകളാണ് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നത്. ഒന്നിലധികം നിലകളുളള കാര്‍ പാര്‍ക്കിനെയും ഇതില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകളെയും തീപിടിത്തം ബാധിച്ചിട്ടുണ്ട്.

തീപിടിത്തത്തെ തുടര്‍ന്നുണ്ടായ കടുത്ത പുക ശ്വസിച്ച് നാല് ഫയര്‍ ഫൈറ്റര്‍മാരെയും ഒരു എയര്‍പോര്‍ട്ട് ജീവനക്കാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നൂറ് കണക്കിന് യാത്രക്കാരാണ് ലുട്ടന്‍ എയര്‍പോര്‍ട്ടില്‍ പെട്ട് പോയിരിക്കുന്നത്.

വിമാനത്താവളത്തിന് സമീപത്തെ എല്ലാ ഹോട്ടലുകളിലും വിമാനയാത്രക്കാരെ കൊണ്ട് തിങ്ങി നിറഞ്ഞിട്ടുണ്ട്. എയര്‍ലൈനുകള്‍ തങ്ങളെ മോശം താമസസ്ഥലങ്ങളില്‍ കൊണ്ട് പോയി തള്ളിയെന്ന പരാതിയുമായി നിരവധി യാത്രക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനിടെ ലുട്ടന്‍ എയര്‍പോര്‍ട്ട് ട്രെയിന്‍ സ്റ്റേഷനില്‍ തിക്കും തിരക്കും കൂട്ടിയെത്തിയ യാത്രക്കാരേറെയാണ്.

എങ്ങനെയെങ്കിലും മറ്റ് വിമാനത്താവളങ്ങളിലേക്കെത്തി വിമാനം പിടിക്കാന്‍ ശ്രമിക്കുന്നവരാണിവരില്‍ അധികവുമുണ്ടായിരുന്നത്. തീപിടിത്തത്തെ തുടര്‍ന്ന് തീ ഉയര്‍ന്ന് പൊങ്ങുന്നതും പുക ഉയരുന്നതുമായ ഭയാനകമായ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.