സ്വന്തം ലേഖകൻ: ഒക്ടോബറിലെ ബജറ്റില്‍ കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് ബ്രിട്ടനില്‍ പലരുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്. ഇപ്പോള്‍ തന്നെ ജീവിതച്ചെലവുകള്‍ വെട്ടിച്ചുരുക്കി രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍ ഇനി എവിടെയായിരിക്കും തങ്ങളെ പിഴിയാന്‍ പോവുക എന്ന ഭയത്തില്‍ ഇരിക്കുമ്പോഴാണ് വലിയ ഉദ്യാനവും നീന്തല്‍ക്കുളവുമുള്ള വീടുകളുടെ വാട്ടര്‍ ബില്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന വാര്‍ത്ത വരുന്നത്. ഡെയ്ലി മെയില്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജല വിതരണം നിയന്ത്രിക്കുവാനും, പാവപ്പെട്ട കുടുംബങ്ങളുടെ വാട്ടര്‍ ബില്‍ കുറയ്ക്കുന്നതിനുമായി, വലിയ വീടുകള്‍ക്കുള്ള താരിഫ് ഉയര്‍ത്തുവാനാണ് പദ്ധതി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ചിലര്‍ക്കുള്ള പരോക്ഷമായ ജല നികുതി. വിപുലമായ സ്പ്രിംഗ്ലര്‍ സിസ്റ്റങ്ങളും, ഹോട്ട് ടബ്ബുകളും സ്വിമ്മിംഗ് പൂളുകളുമുള്ള പ്രീമിയം ഉപഭോക്താക്കളില്‍ നിന്നും പ്രീമിയം ചാര്‍ജ്ജ് ഈടാക്കുന്ന കാര്യം ജല വിതരണ കമ്പനികള്‍ പരിഗണിക്കണം എന്ന് നേരത്തെ വാട്ടര്‍ റെഗുലേറ്റര്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് പുതിയ നീക്കം.
മാത്രമല്ല, ശൈത്യകാലത്ത് കുറവ് ബില്‍ നല്‍കുക എന്നതുപോലെ ബില്ലിംഗ് സീസണ്‍ അനുസരിച്ച് മാറ്റുവന്നതാക്കാന്‍ പറ്റുമോ എന്ന കാര്യവും പരിശോധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. സമാനമായ രീതിയില്‍ പുതിയ പദ്ധതിയുമായി മുന്‍പോട്ട് പോകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അധികമായി ലഭിക്കുന്ന തുക, പാവപ്പെട്ടവരുടെ വാട്ടര്‍ ബില്ലില്‍ ഇളവുകള്‍ നല്‍കുന്നതിനായി ഉപയോഗിക്കുമെന്നും അതില്‍ പറയുന്നുണ്ട്. എന്നാല്‍, ഏതെല്ലാം കുടുംബങ്ങളിലാണ് കൂടിയ അളവില്‍ ജലം ഹോട്ട് ടബ്ബ് നിറക്കാനും മറ്റുമായി ഉപയോഗിക്കുന്നത് എന്ന് എങ്ങനെ ജല വിതരണ കമ്പനികള്‍ തിരിച്ചറിയും എന്ന കാര്യത്തില്‍ വ്യക്തതയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല