സ്വന്തം ലേഖകന്‍: ആപ്പിളിന്റെ ഐഫോണിനെ വെട്ടാന്‍ മാങ്ങാ ഫോണുമായി മൂന്നു മലയാളി സംരഭകര്‍ വരുന്നു. എംഫോണ് ഇലക്ട്രോണിക്സ് ആന്റ് ടെക്നോളജീസ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിയാണ് ആപ്പിളിന്റെ സവിശേഷതകളെല്ലാം കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന എംഫോണുകളുമായി വരുന്നത്. ആന്റോ അഗസ്റ്റിന്, റോയി അഗസ്റ്റിന്, ജോസ് കുട്ടി അഗസ്റ്റിന് എന്നീ കല്പറ്റക്കാര് ചേര്‍ന്നാണ് കമ്പനി രൂപീകരിച്ചിരിക്കുന്നത്.
വെറും 5,800 രൂപ മുതലാണ് മാംഗോ ഫോണിന്റെ വില തുടങ്ങുന്നത്. ഏറ്റവും മികച്ച മോഡലിന്റെ വില 34,000 രൂപ മാത്രം. 6050 എംഎഎച്ച് ബാറ്ററിയാണ് എംഫോണില്‍ ഉള്ളത്. ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ മൂന്ന് ദിവസം വരെ ചാര്‍ജ്ജ് നില്ക്കും. 23 മെഗാ പിക്സല്‍ ക്യാമറയാണ് എം ഫോണില്‍ ഉള്ളത്. 4 ജി സേവനവും ലഭ്യമാണ്.
ത്രീഡി കണ്ണട വക്കാതെ തന്നെ ഫോണിലെ ദൃശ്യങ്ങള്‍ ത്രിഡിയില്‍ കാണാം എന്നതാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. കൊറിയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഫോണുകള്‍ വികസിപ്പിച്ചിട്ടുള്ളത്. ചൈനയിലെ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്നത്.
3,500 കോടിയുടെ ഈ സംരഭത്തില്‍ അമിതാഭ് ബച്ചനും സച്ചിനും ടെണ്ടുല്‍ക്കറുമാണ് എം ഫോണിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി എത്തുക. ജനുവരി 29 ദക്ഷിണേന്ത്യയില്‍ ഫോണ്‍ വിപണിയിലെത്തും.
തൊട്ടു പിറകെ ആപ്പിളിന്റെ മാതൃകയില്‍ എം വാച്ചും എം പാഡും വിപണിയില്‍ ഇറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല