സ്വന്തം ലേഖകന്‍:യുകെയിലെ നോട്ടിംഗ്ഹാം മോട്ടോര്‍വേ വാഹനാപകടത്തില്‍ രണ്ട് കോട്ടയം സ്വദേശികള്‍ ഉള്‍പ്പെടെ പത്തു പേര്‍ മരിച്ചു, പ്രിയപ്പെട്ട ബെന്നിച്ചേട്ടനെന്ന സിറിയക് ജോസഫിന്റെ നിര്യാണത്തില്‍ ഞെട്ടലോടെ നോട്ടിംഗ്ഹാം മലയാളികള്‍. മില്‍ട്ടണ്‍ കെയ്ന്‍സിനടുത്ത് എം 1 മോട്ടോര്‍വേയില്‍ രണ്ടു ലോറികളും മിനിബസും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ജംക്ഷന്‍ 15 നും 14നുമിടക്ക് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നേകാലോടെയാണ് അപകടം നടന്നത്. മിനിബസില്‍ സഞ്ചരിച്ചിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. നാലു പേര്‍ ഗുരുതരാവസ്ഥയിലാണ്.
രണ്ടു ലോറികള്‍ക്കിടയില്‍പ്പെട്ട മിനി ബസ് പൂര്‍ണ്ണമായും തകര്‍ന്നു. ലോറികളുടെ ഡ്രൈവര്‍മാരെ പോലീസ് അറസ്‌റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പാല ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ സിറിയക് ജോസഫ് (ബെന്നി) ഉള്‍പ്പെടെ പത്തു പേരാണ് അപകടത്തില്‍ മരിച്ചത്. കോട്ടയം പനച്ചിക്കാട് സ്വദേശി ഋഷി രാജീവാണ് മരിച്ച രണ്ടാമത്തെ മലയാളി. ക്യാപിറ്റല്‍ വണ്ണിലെ ജീവനക്കാരനായ ഋഷി രാജീവ് നാട്ടില്‍ വിപ്രോയില്‍ ജോലി ചെയ്യവെ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുകെ യില്‍ എത്തിയത്. നോട്ടിംഗ്ഹാമില്‍ കഴിഞ്ഞ 15 വര്‍ഷമായി താമസിക്കുന്ന 52 കാരനായ ബെന്നി സ്വന്തമായി മിനി ബസ് സര്‍വീസ് നടത്തുകയായിരുന്നു.
നോട്ടിംഗ്ഹാമില്‍ നിന്നും വെമ്പ്‌ലിയിലേക്ക് സര്‍വീസ് നടത്തുന്നതിനിടെ ബെന്നിയുടെ മിനി ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ബസില്‍ ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. ബെന്നിയുടെ ഭാര്യ ബിന്‍സി നോട്ടിംഗ്ഹാമില്‍ നേഴ്‌സായി ജോലി ചെയ്യുന്നു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ മകനും സ്‌കൂള്‍ വിദ്യാര്തഥിയായ മകളുമാണ് ബെന്നി സിറിയക് ദമ്പതികള്‍ക്കുള്ളത്.
പാലാ മുത്തോലി നാട്ടുകാരനും ചേര്‍പ്പുങ്കല്‍ പള്ളി ഇടവകാംഗവുമാണ്. ചേര്‍പ്പുങ്കല്‍ കടൂകുന്നേല്‍ പരേതനായ ഔതച്ചേട്ടന്‍ ഏലിക്കുട്ടി ദമ്പതികളുടെ പുത്രനാണ് മരിച്ച ബെന്നി. നോട്ടിങ്ഹാമിലെ മലയാളി അസോസിയേഷന്‍ ആയ എന്‍ എം സി എയുടെ മുന്‍ പ്രസിഡന്റും, സെന്റ അല്‍ഫോന്‍സാ കത്തോലിക്ക പള്ളി കമ്മിറ്റി മെമ്പറുമായിരുന്നു ബെന്നി. കലാ സാംസ്‌ക്കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന ബെന്നിച്ചേട്ടന്റെ നിയോഗ വാര്‍ത്ത കേട്ട ഞെട്ടലിലാണ് നോട്ടിംങ്ഹാം മലയാളികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല