> ലണ്ടന്‍ : എം4 പാതയില്‍ രണ്ടുപേരുടെ മരണത്തിനടയാക്കിയ കാര്‍ വന്നത് തെറ്റായദിശയിലായിരുന്നുവെന്ന് സംശയം. വില്‍റ്റ്ഷെയറിലെ എം4 പാതയില്‍ ഈസ്റ്റ്ബൗണ്ട് കാരിയേജ് വേയിലെ 14 ഉം 13 ഉം ജംഗ്ഷനിടയിലാണ് അപകടം നടന്നത്. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സാമാന്യം നല്ല ട്രാഫിക്കുണ്ടായിരുന്ന പാതയില്‍ അപകടം നടക്കുന്നത്. നീല മാസ്ഡ323 കാറും നീല വോക്സ് വാഗന് പസ്സത് കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ടു പേര് മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.
മാസ്ഡ കാറിലുണ്ടായിരുന്ന സ്വിസ്ഡണ് സ്വദേശിയായ എണ്‍പത്തിരണ്ടുകാരനാണ് മരിച്ചവരില്‍ ഒരാള്‍. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന വൃദ്ധയായ ഒരു സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ഓക്സ്ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വോക്സ് വാഗന് ഓടിച്ചിരുന്ന നാല്‍പ്പത്തിയെട്ടുകാരനായ സ്വിസ്ഡണ് സ്വദേശിയാണ് മരിച്ച മറ്റൊരാള്‍.
നല്ല ട്രാഫിക്കുണ്ടായിരുന്ന സമയത്ത് രണ്ട് കാറുകളില്‍ ഏതോ ഒരെണ്ണം തെറ്റായ വഴിയില്‍ കൂടി വന്നതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി തേംസ് വാലി പോലീസ് അറിയിച്ചു. ഏത് വാഹനമാണ് ട്രാഫിക് തെറ്റിച്ച് വന്നതെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന സെര്‍ജെന്റ് ഡിക് ത്രോപ്പ് പറഞ്ഞു. എം4 പാതയില്‍ കൂടി ആസമയം കടന്നു പോയ ആരെങ്കിലും തെളിവ് നല്കിയാല് മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുളളുഎന്ന് അദ്ദേഹം അറിയിച്ചു. കൂട്ടിയിടി നേരില്‍ കണ്ട ആരെങ്കിലുമോ അല്ലെങ്കില്‍ തെറ്റായ ദിശയില്‍ കൂടി വാഹനം ഓടിച്ചതിന് ദൃക്സാക്ഷികളായ ആരെങ്കിലുമോ പോലീസിന് തെളിവ് നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തെളിവ് നല്കാന് ആഗ്രഹിക്കുന്നവര്‍ക്ക് പോലീസിന്റെ റോഡ് ഡെത്ത് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായ 101ലോ അല്ലെങ്കില്‍ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്തവര്ക്ക് ക്രൈംസ്റ്റോപ്പേഴ്സിന്റെ നമ്പരായ 0800 555 111 എന്ന നമ്പരിലോ വിളിച്ച് തെളിവ് നല്‍കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല