സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളില്‍ മേളപ്പെരുക്കം തീര്‍ക്കാന്‍ മാഞ്ചസ്റ്റര്‍ മേളം, രുചിയേറും ഹോം മെയ്ഡ് വിഭവങ്ങളുമായി മാതൃവേദി. മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളില്‍ മേളവിസ്മയം ഒരുക്കുവാന്‍ മാഞ്ചസ്റ്റര്‍ മേളം എത്തുന്നു. മേള വിദ്വാന്‍ രാതേഷ് നായരുടെ നേതൃത്വത്തില്‍ 12 പേരുടെ ഫുള്‍ടീമാണ് ഇക്കുറി മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് മേളപ്പെരുക്കം തീര്‍ക്കുക. തൃശൂര്‍ പൂരം ഉള്‍പ്പടെ ഒട്ടേറെ ഉത്സവങ്ങളിലും പള്ളിപെരുനാളുകളിലും തന്റെ മികവ് തെളിയിച്ച രാതേഷ് നായരുടെ നേതൃത്വത്തില്‍ രോഹിത്, മോനിച്ചന്‍, ജാനേഷ്, ഹരി, മഹേഷ്, ജെയ്ന്‍, അമ്പി സാജു, വിനോദ്, ഷാജി, ജിമോന്‍ എന്നിവരാണ് ഇക്കുറി മാഞ്ചസ്റ്റര്‍ തിരുനാളിന് വിസ്മയ വിരുന്നൊരുക്കുവാന്‍ ഇറങ്ങുന്നത്. ചെറു ചെമ്പടയില്‍ തുടങ്ങി വിവിധങ്ങളായ ഒന്‍പതോളം മേളങ്ങളിലൂടെയാണ് സംഘം കൊട്ടിക്കയറുക. ഇടംതലയും ഇലത്താളവും വലംതലയുമായി മൂന്ന് നിരകളിലായിട്ടാകും ഇവര്‍ പ്രദക്ഷിണത്തിനും അണിനിരക്കുക. സ്വന്തം തട്ടകത്തില്‍ കരുത്ത് കാട്ടി കാണികളുടെ കയ്യടിനേടുവാന്‍ ഇവര്‍ ആഴ്ചകളായി പരിശീലനത്തിലാണ്.
ഇവരെ കൂടാതെ സ്‌കോട്ടിഷ് പൈപ്പ് ബാന്‍ഡും പ്രദക്ഷിണത്തില്‍ ഉണ്ടാകും. ലിവര്‍പൂളില്‍ നിന്നുള്ള ഫുള്‍സെറ്റ് പൈപ്പ് ബാന്‍ഡാണ് ഇക്കുറി ദുക്‌റാന തിരുനാളിന് എത്തുന്നത്.
നാവില്‍ കൊതിയൂറും സ്വാദിഷ്ടമായ ഹോം മെയ്ഡ് വിഭവങ്ങളുമായി മാതൃവേദിയുടെ സ്റ്റാളുകള്‍ തിരുനാള്‍ പറമ്പില്‍ പ്രവര്‍ത്തിക്കും. ഉണ്ണിയപ്പം, പക്കാവട, അച്ചപ്പം, ഉഴുന്നാടകള്‍ എന്നിവയും സോഫ്റ്റ് ഡ്രിങ്ക്‌സ്, കൊന്തകള്‍ എന്നിവയും മാതൃവേദിയുടെ സ്റ്റാളുകളില്‍ നിന്ന് ലഭ്യമാണ്. നാടന്‍ ചേരുവകളോടെ ഇന്നലെ മുതലാണ് ഇടവകയിലെ മാതൃവേദി പ്രവര്‍ത്തകര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വെള്ളിയാഴ്ച വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കുന്ന ബിജുനാരായണന്റെ ഗാനമേളയ്ക്കും ശനിയാഴ്ച വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലും മാതൃവേദിയുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. ഇവര്‍ക്കൊപ്പം ഇടവകയിലെ യുവജനങ്ങളുടെ ഐസ്‌ക്രീം സ്റ്റാളുകളും വിവിധ തരം ഗെയിംസ് സ്റ്റാളുകളും പള്ളിപരിസരത്ത് പ്രവര്‍ത്തിക്കും.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ട് നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് കൊടിയേറിയത്. ഇന്നലെ വൈകുന്നേരം 5ന് നടന്ന ദിവ്യബലിയിലും മറ്റ് തിരുകര്‍മ്മങ്ങളിലും ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസഫ് പൊന്നേത്ത് കാര്‍മ്മികനായി. ഇന്ന് വൈകുന്നേരം 5ന് നടക്കുന്ന ദിവ്യബലിയിലും തിരുകര്‍മ്മങ്ങളിലും ഫാ. തോമസ് മടുക്കമൂട്ടില്‍ കാര്‍മ്മികനാകും.
ബുധനാഴ്ച ഫാ. മൈക്കിള്‍ മുറേയും വ്യാഴാഴ്ച ഫാ. തോമസ് തൈക്കൂട്ടത്തിലും വെള്ളിയാഴ്ച റവ. ഡോ. തോമസ് പാറയടിയിലും തിരുകര്‍മ്മങ്ങളില്‍ കാര്‍മ്മികരാകും. വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ ബിജുനാരായണന്റെ ഗാനമേളയ്ക്ക് തുടക്കമാകും. ഇതിലേക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും പാസ് മൂലം നിയന്ത്രിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാവിലെ 10 മുതല്‍ അത്യാഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് തുടക്കമാകും. കോതമംഗലം രൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍, ഷ്രൂഷ്ബറി ബിഷപ്പ് മാര്‍ക്ക് ഡേവിസ് എന്നിവര്‍ തിരുന്നാള്‍ കുര്‍ബാനയില്‍ കാര്‍മ്മികരാകും. ദിവ്യബലിയെ തുടര്‍ന്ന് പ്രദക്ഷിണവും ഊട്ട് നേര്‍ച്ചയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും റവ. ലോനപ്പന്‍ അരങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല