സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി ഉത്പന്നങ്ങളുടെ പരസ്യത്തി അഭിനയിച്ച ബോളിവുഡ് താരം മാധുരി ദീക്ഷിതിന് ഹരിദ്വാര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നോട്ടീസ് അയച്ചു. മാഗി സൂപ്പിന്റെ പരസ്യത്തില്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളാണ് മാധുരിക്ക് നോട്ടീസ് അയക്കാന്‍ കാരണം.
പരസ്യത്തില്‍ അവകാശപ്പെടുന്ന പോലെ മാഗി എങ്ങനെയാണ് മികച്ച ആരോഗ്യത്തിന് കാരണമാകുന്നതെന്ന് വിശദീകരണം നല്‍കാന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2 മിനുട്ട്‌സ് നൂഡില്‍സിലെ പോഷകാഹാര മൂല്യം സംബന്ധിച്ച റിപ്പോര്‍ട്ട് 15 ദിവസത്തിനുള്ളില്‍ അഡ്മിനിസ്‌ട്രേഷന് സമര്‍പ്പിക്കണം.
നിശ്ചിത സമയത്തിനുള്ളില്‍ നോട്ടീസിന് വിശദീകരണം നല്‍കിയില്ലെങ്കില്‍ താരത്തിനെതിരെ കേസെടുക്കുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ മഹീമാനന്ദ് ജോഷി വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ശേഖരിച്ച മാഗി ഉത്പന്നങ്ങളുടെ സാമ്പിളുകളില്‍ അനുവദിക്കപ്പെട്ട അളവിലും കൂടുതല്‍ അജിനോമോട്ടോയും ലെഡും അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് മാഗിയുടെ ഉത്പന്നങ്ങള്‍ അടിയന്തിരമായി വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ യു.പി അധികൃതര്‍ മാഗി നിര്‍മ്മാതാക്കളായ നെസ്‌ലെയോട് ആവശ്യപ്പെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല