സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കൂട്ടക്കോപ്പിയടി. രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ഥികളാണ് പുസ്തകത്തിന്റെ പേജുകള്‍ വച്ച് കോപ്പിയടിച്ചത്. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യം പകര്‍ത്തിയതോടെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
മധ്യപ്രദേശിലെ ഷഹ്‌ദോള്‍ ജില്ലയിലെ കോളജിലാണ് സംഭവം. രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ഥികളാണ് ഇന്‍വിജിലേറ്റര്‍മാര്‍ നോക്കി നില്‍ക്കെ കോപ്പിയടി തുടര്‍ന്നത്. പിന്നോക്ക പ്രദേശത്തെ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് ബെഞ്ചും ഡെസ്‌കുമൊന്നും ഉണ്ടായിരുന്നില്ല. പാഠഭാഗത്തെ പേജ് അപ്പടി പകര്‍ത്തിയെഴുതുകയായിരുന്നു വിദ്യാര്‍ഥികള്‍. നേരത്തേയും സമാന സംഭവങ്ങളുണ്ടായ കോളജില്‍ പ്രാദേശിക ക്യാമറാമാന്‍മാര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. ടെക്സ്റ്റ് ബുക്കിനൊപ്പം ചിലരുടെ കയ്യില്‍ നോട്ട് പുസ്തകവുമുണ്ടായിരുന്നു. ക്യാമറാമാന്‍മാരുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടതോടെ അധ്യാപകര്‍ കോപ്പികള്‍ പിടിച്ചെടുത്തു.വാര്‍ത്ത വിവാദമായതോടെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഉദ്യോഗസ്ഥര്‍ക്ക് മിന്നല്‍ പരിശോധനക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്. പരീക്ഷ ടൈംടേബിള്‍ അവര്‍ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ പരിശോധനയുണ്ടാകും.
മാര്‍ച്ചില്‍ ബീഹാറിലെ ബിജാപൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ കൂട്ടക്കോപ്പിയടി നടത്തിയത് വലിയ വിവാദമായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെ ഒത്താശയോടെ മാതാപിതാക്കള്‍ സഹായം ചെയ്ത സംഭവത്തിന്റെ അലയൊലി കെട്ടടങ്ങും മുമ്പാണ് മധ്യപ്രദേശിലെ കൂട്ടകോപ്പിയടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല