സ്വന്തം ലേഖകന്‍: കന്നുകാലികളെ ഇറച്ചിക്കായി വില്‍ക്കുന്നതു നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ, മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിനിടെ മലയാളി വിദ്യാര്‍ഥിയുടെ കണ്ണ് അടിച്ചു തകര്‍ത്തു, കാമ്പസിലെ ബീഫ് തീറ്റക്കാരെ മുഴുവന്‍ കൊല്ലുമെന്ന് ആക്രമികള്‍. നാലാഴ്ചത്തേക്കാണ് ഹൈക്കോടതി സ്റ്റേ. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണെന്നും ഇതില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അവകാശമാണുള്ളതെന്നും കോടതി ചോദിച്ചു.
വിഷയത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തത്. അതിനിടെ മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ഥിക്ക് അക്രമിസംഘത്തിന്റെ ക്രൂരമര്‍ദനം. മലപ്പുറം സ്വദേശിയും എയ്‌റോസ്‌പേസ് പിഎച്ച്ഡി വിദ്യാര്‍ഥിയുമായ ആര്‍.സൂരജിന്റെ വലതുകണ്ണിനാണു ഗുരുതരമായി പരുക്കേറ്റത്. സൂരജിനെ നുങ്കമ്പാങ്കം ശങ്കര നേത്രാലയത്തില്‍ പ്രവേശിപ്പിച്ചു.
ഓഷ്യന്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ പിജി വിദ്യാര്‍ത്ഥിയും ഉത്തരേന്ത്യക്കാരനുമായ മനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സൂരജിനെ മര്‍ദ്ദിച്ചത്. ക്യാംപസിലെ ബീഫ് തീറ്റക്കാരായ എല്ലാവരെയും കൊല്ലുമെന്നു സംഘം ഭീഷണിപ്പെടുത്തിയതായി സൂരജിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ ക്യാംപസ് അധികൃതര്‍ക്കും കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനിലും വിദ്യാര്‍ഥികള്‍ പരാതി നല്‍കി.
അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ സജീവപ്രവര്‍ത്തകനാണ് സൂരജ്. കന്നുകാലി കശാപ്പിനും വില്‍പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി, കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തിനെതിരെ കഴിഞ്ഞദിവസം ഐഐടി ക്യാംപസില്‍ സൂരജടക്കമുള്ള വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചിരുന്നു. അമ്പതോളം വിദ്യാര്‍ത്ഥികളാണു സമരത്തില്‍ പങ്കെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല