സ്വന്തം ലേഖകന്‍: മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥി സംഘടനയുടെ നിരോധനം അധികൃതര്‍ പിന്‍വലിച്ചു. അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളെന്ന വിദ്യാര്‍ഥി കൂട്ടായ്മയുടെ നിരോധനമാണ് ഐഐടി പിന്‍വലിച്ചത്. നരേന്ദ്ര മോദിയുടെ നയങ്ങളേയും സര്‍ക്കാരിനേയും വിമര്‍ശിച്ചു എന്നാരോപിച്ചായിരുന്നു നിരോധനം.
കഴിഞ്ഞ മാസമാണ് കൂട്ടായ്മയെ നിരോധിച്ചത്. സംഘടന ക്യാമ്പസില്‍ രാഷ്ട്രീയ പ്രചരണം നടത്തുന്നുവെന്നായിരുന്നു ആരോപണം. അതേസമയം നിരോധനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നു. എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും തുല്യ പരിഗണന ലഭിക്കണം എന്ന ആവശ്യം ഉന്നയിച്ച് ഐഐടി ക്യാമ്പസിലും പുറത്തും വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
അധികൃതരുടെ ഏകപക്ഷീയമായ നിരോധന നടപടിക്കെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായിരുന്നു. വിവേകാനന്ദ സര്‍ക്കിള്‍ പോലുള്ള ഹിന്ദുത്വ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും അംബേദ്കറിന്റെ പേരിലുള്ള സംഘടന നിരോധിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം അരുദ്ധതി റോയി ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല