സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സില്‍ അപകടകരമായ അളവില്‍ ഈയം ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ നിര്‍മ്മാതാക്കളായ നെസ്‌ലെ നൂഡില്‍സിന്റെ ഇന്ത്യയിലെ വില്‍പ്പന നിര്‍ത്തിവച്ചു. നൂഡില്‍സില്‍ ആരോഗ്യത്തിനു ഹാനികരമായ പദാര്‍ഥങ്ങള്‍ ഉണ്ടെന്ന കാരണത്താല്‍ വിവിധ സംസ്ഥാനങ്ങള്‍ മാഗി നൂഡില്‍സിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം മാഗി നൂഡില്‍സ് രാജ്യവ്യാപകമായി നിരോധിക്കുന്നതു പരിഗണിക്കുമെന്നു കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി റാംവിലാസ് പാസ്വാന്‍ പ്രഖ്യാപിച്ചു. തമിഴ്‌നാട്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ മാഗി നൂഡില്‍സ് നിരോധിച്ച് ഉത്തരവിറക്കിയിരുന്നു.
മാഗി 2 മിനിറ്റ്‌സ് നൂഡില്‍സ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നത് തെറ്റായ വാദമാണ്. എന്നാല്‍, ഇപ്പോഴത്തെ ദൗര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ തല്‍ക്കാലം ഇന്ത്യന്‍ വിപണിയില്‍നിന്നു മാഗി നൂഡില്‍സ് പിന്‍വലിക്കുകയാണ്. ഗുണമേന്മ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തി വൈകാതെ വിപണിയില്‍ തിരിച്ചെത്തുമെന്നും നെസ്‌ലെ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ, ഗുണമേന്മാ അതോറിറ്റി (എഫ്എസ്എസ്എഐ) നടത്തുന്ന പരിശോധനയ്ക്കു ശേഷം മാത്രമേ മാഗി നൂഡില്‍സ് നിരോധന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്നാന് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ, മാഗിക്കു പുറമെയുള്ള മറ്റു കമ്പനികളുടെ നൂഡില്‍സും പരിശോധിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപടിയാരംഭിച്ചു. ഒന്‍പതു കമ്പനികളുടെ നൂഡില്‍സ് ഇന്നലെ വിശദ പരിശോധനയ്ക്കു വിട്ടു.
ഛത്തീസ്ഗഡില്‍ റായ്പൂരിലെ നെസ്‌ലെ ഇന്ത്യ ഗോഡൗണില്‍ റെയ്ഡ് നടത്തി. മഹാരാഷ്ട്ര, കര്‍ണാടക, ബംഗാള്‍, തെലങ്കാന, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, അരുണാചല്‍ പ്രദേശ്, അസം സര്‍ക്കാരുകള്‍ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ മാഗിക്കു പുറമേ വായ് വായ് എക്‌സ്പ്രസ്, റിലയന്‍സ് സെലക്ട്, സ്മിത്ത് ആന്‍!ഡ് ജോണ്‍സ് ചിക്കന്‍ മസാല എന്നീ കമ്പനികളുടെ നൂഡില്‍സും മൂന്നു മാസത്തേക്കു നിരോധിച്ചു. ആഗോള വ്യാപാര ശൃംഖലയായ വാള്‍മാര്‍ട്ടും മാഗി വില്‍പന നിര്‍ത്തി.
അതേസമയം, മാഗിയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചതിനു ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവര്‍ക്കു മധുര ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മാഗി നൂഡില്‍സ് ഒരു തരത്തിലും ആരോഗ്യത്തിന് ഹാനികരമല്ലെന്ന് നെസ്‌ലെ തനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മാധുരി ദീക്ഷിത് ട്വിറ്ററില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല