സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സില്‍ മായം കണ്ടെത്തിയ സംഭവത്തില്‍ നിര്‍മ്മാതാക്കളായ നെസ്‌ലെക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് കമ്പനിക്കെതിരെ കേസെടുത്തത്.
ഉത്തര്‍പ്രദേശിലെ നെസ്‌ലെയുടെ നിര്‍മ്മാണ യൂണിറ്റുള്‍പ്പെടെ ആറ് കമ്പനികള്‍ക്കെതിരെ കേസെടുക്കാനാണ് എഫ്.എസ്.ഡി.എ കമ്മീഷണര്‍ പി.പി സിങ് അനുമതി നല്‍കി. ബറബങ്കി ജില്ലയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇത് സംബന്ധിച്ച് പരാതി ഫയല്‍ ചെയ്യാനും നിര്‍ദ്ദേശത്തില്‍ പറയുന്നു.
മാഗി നൂഡില്‍സില്‍ ഉപഭോക്താക്കളുടെ ജീവന് അപകടമുണ്ടാക്കുന്ന അളവില്‍ ലെഡിന്റെയും എംഎസ്ജിയുടെയും അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പരിശൊധനാ ഫലം പ്രതികൂലമായതിനെ തുടര്‍ന്ന് മാഗി നൂഡില്‍സിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ എഫ്.എസ്.ഡി.എ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു.
പരസ്യ ചിത്രം വഴി തെറ്റായ വിവരങ്ങള്‍ നല്‍കി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് വിശദീകരണം തേടി മാഗി നൂഡില്‍സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ബോളിവുഡ് താരം മാധുരി ദീക്ഷിതിന് എഫ്.എസ്.ഡി.എ ഇന്നലെ നോട്ടീസ് അയച്ചിരുന്നു. അനുവദിച്ചതിലും 17 ഇരട്ടി ലെഡിന്റെ സാന്നിധ്യമാണ് മാഗി നൂഡില്‍സ് പാക്കറ്റുകളില്‍ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല